തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തെക്കന്‍ കേരളത്തിലാണ് മഴ ഏറ്റവും കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുന്നത്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലയോര-തീരദേശ മേഖലകളില്‍ മഴ ശക്തമായതോടെ പലയിടത്തും ആശങ്കാജനകമായ സാഹചര്യമാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിതുര, പൊന്‍മുടി മേഖലകളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് ചെറിയ പാലങ്ങള്‍ വെള്ളത്തിനടിയിലായി. മക്കിയാര്‍ നദിയും കരകവിഞ്ഞൊഴുകുകയാണ്. ചാത്തന്നൂരില്‍ ദേശീയപാതയിലും സര്‍വീസ് റോഡിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഇടുക്കി ഹൈറേഞ്ച് മേഖലയിലും കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കല്ലാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്നു. ചിന്നാര്‍, കല്ലാര്‍ പുഴകളുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി-മൂന്നാര്‍ റൂട്ടിലെ രണ്ടാം മൈലില്‍ കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. പാറയും അപകടാവസ്ഥയിലുള്ള മരങ്ങളും നീക്കം ചെയ്യാന്‍ മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തല്‍. നദികളുടെ കരകളില്‍ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്