തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് തുലാവർഷം ശക്തമായതിനെ തുടർന്ന് ഇടുക്കിയിലും തിരുവനന്തപുരത്തും കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിതുര-പൊന്മുടി മേഖലയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വിതുരയിൽ പല വീടുകളിലും വെള്ളം കയറുകയും പൊടിയകാല ഊര് ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇടുക്കി ഹൈറേഞ്ച് മേഖലയിലും മഴ ശക്തമാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. 8.00 മണി മുതൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് എത്തിയതിനാലുമാണ് നടപടി. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ തുറന്നതോടെ 80 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ദേശീയപാതയിൽ ഗതാഗത നിരോധനം:
കനത്ത മഴയെത്തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ ഭീഷണി പൂർണ്ണമായും ഒഴിവാകുന്നതുവരെ ഈ വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടയിലാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും സുരക്ഷിതമായി നീക്കം ചെയ്യാൻ മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ