തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില് നാശനഷ്ടങ്ങള് രൂക്ഷമാകുന്നതിനിടെ മഴമുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട മുതല് കാസര്കോട് വരെയുള്ള 12 ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. മുന്പ് മുന്നറിയിപ്പുകള് ഒന്നുമില്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളില് നിലവില് മഞ്ഞ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് എന്നീ 10 ജില്ലകളില് മഞ്ഞ അലര്ട്ട് നിലനില്ക്കും. അതേസമയം ഓഗസ്റ്റ് 5, 6 തീയതികളില് സംസ്ഥാനത്ത് മഴ വീണ്ടും തീവ്രമാകാന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പ്രളയസമാനമായ മഴയില് സംസ്ഥാനത്ത് ഇതുവരെ 12 പേര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കാണാതായ എട്ടുപേര്ക്കായി തെരച്ചില് തുടരുകയാണ്. വിവിധ അപകടങ്ങളില് പരിക്കേറ്റ 13 പേര് നിലവില് വിവിധ ആശുപത്രികളില് ചികിത്സയില് കഴിയുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ശക്തി പ്രാപിച്ച കനത്ത മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില് വന് നാശനഷ്ടങ്ങളാണ് വിതച്ചത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം; 12 ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട്: അതിതീവ്ര മഴയില് 12 മരണം