തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിനും ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി വന്‍ ധനസഹായ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് നാലു ലക്ഷം രൂപ, സി.എം.ഡി.ആര്‍.എഫില്‍ നിന്ന് രണ്ട് ലക്ഷം രൂപ പി.എം.എന്‍.ആര്‍.എഫില്‍നിന്ന് രണ്ട് ലക്ഷം എന്നിങ്ങനെ ആകെ എട്ട് ലക്ഷം രൂപ ധന സഹായം ലഭിക്കും. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന തുക നാല് ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയും സ്ഥലം വാങ്ങി വീടുവെക്കാന്‍ ആറ് ലക്ഷത്തില്‍ നിന്ന് 12 ലക്ഷം രൂപയുമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി നാശത്തിനുള്ള നഷ്ട പരിഹാര തുക വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം അത് എത്ര രൂപയെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഒരു റേഷന്‍ കാര്‍ഡിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം ധനസഹായവും ലഭ്യമാക്കും. നിലവില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന 316 ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്.
പത്തനംതിട്ട ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിലെ ചില പ്രദേശങ്ങളില്‍ ഇനിയും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. ഇവിടെ ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി 14 ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്.കൂടാതെ, സുളൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ടെന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉള്‍പ്പെടെയുള്ള സര്‍വ്വ സജ്ജീകരണങ്ങളും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ, വീട് നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപ; ദുരിതാശ്വാസ തുകയും നഷ്ടപരിഹാരവും വർദ്ധിപ്പിച്ച് സർക്കാർ