തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു. ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
തിങ്കളാഴ്ചയും വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് പ്രവചനം. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും.
ശക്തമായ മഴയ്ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തം; വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത