തൃപ്പൂണിത്തുറ: റോഡപകടത്തില്പ്പെട്ട് വസ്ത്രം കീറിപ്പോയ സ്ത്രീക്ക് നടുറോഡില് കാവലായും തണലായും മാറി മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായ ചായക്കച്ചവടക്കാരന് ഷാജിയെ അഭിനന്ദിച്ച് കെ.സി. വേണുഗോപാല് എം.പി. 'മനുഷ്യന് മനുഷ്യനെ ചേര്ത്തുപിടിക്കുന്ന ഹൃദയം തൊടുന്ന കാഴ്ചയാണ്' ഷാജിയുടേതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില് കുറിച്ചു.
തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില് സൈക്കിളിലെത്തി കടകളില് ചായ കൊടുക്കുന്ന ജോലിയാണ് ഷാജി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഷാജിയുടെ കണ്മുന്നില് വെച്ചാണ് ഒരു സ്ത്രീക്ക് നേരെ ദാരുണമായ ബസപകടമുണ്ടാകുന്നത്. ബസിന്റെ ടയറിനടിയില്പ്പെട്ട് അപകടത്തില്പ്പെട്ട സ്ത്രീയുടെ വസ്ത്രങ്ങള് പൂര്ണ്ണമായും കീറിപ്പറിഞ്ഞിരുന്നു.
ഈ സമയത്താണ് മറ്റൊന്നുമാലോചിക്കാതെ, തന്റെ മുന്പിലുള്ളത് ഒരു സ്ത്രീയാണെന്ന ഒറ്റ ബോധ്യത്തില് വിവേകത്തോടെയും മനുഷ്യത്വത്തോടെയും ഷാജി ഇടപെട്ടത്. നടുറോഡില് വെച്ച് ആ സ്ത്രീയുടെ മാനവും ജീവനും രക്ഷിക്കാന് ഷാജി കാണിച്ച മനസ്സിനെ കെ.സി. വേണുഗോപാല് ഏറെ പ്രശംസിച്ചു.
പോസ്റ്റിന്റെ പൂര്ണരൂപം
ഹൃദയം തൊടുന്ന കാഴ്ചയാണ്, മനുഷ്യന് മനുഷ്യനെ ചേര്ത്തുപിടിക്കുന്ന കാഴ്ച.
തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില് കടകളില് സൈക്കിളിലെത്തി ചായ കൊടുത്തുകൊണ്ടിരുന്ന ഷാജിയുടെ കണ്മുന്നില് വെച്ചാണ് ഒരു ബസപകടമുണ്ടാകുന്നത്. അപകടത്തില്പ്പെട്ടത് ഒരു സ്ത്രീയായിരുന്നു. ബസിന്റെ ടയറിനടിയില്പ്പെട്ട് അവരുടെ വസ്ത്രം പൂര്ണമായും കീറിയിരുന്നു. ജീവന് രക്ഷപ്പെടുത്തുക എന്നതിനൊപ്പം തന്നെ പ്രധാനമാണല്ലോ, വിവേകത്തോടെയും മനുഷ്യത്വത്തോടെയും പെരുമാറുക എന്നത്. വസ്ത്രം കീറി നശിച്ചപ്പോള്, നടുറോഡില് വെച്ച്, മറ്റൊന്നുമാലോചിക്കാതെയാണ്, തന്റെ മുന്പിലുള്ളത് ഒരു സ്ത്രീയാണെന്ന ഒറ്റ ബോധ്യത്തില് ഷാജി പ്രവര്ത്തിച്ചത്. ഒരു ജീവന്റെ എല്ലാവിധ നന്മകളും അയാളിലുണ്ടെന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അത്.
സന്തോഷം മാത്രമല്ല, അഭിമാനം കൂടിയാണ്, നമുക്ക് ചുറ്റുമുള്ളവര് ഇത്രമാത്രം മനുഷ്യത്വത്തോടെ, സഹാനുഭൂതിയോടെ പെരുമാറുന്നത് കാണുമ്പോള്. എല്ലാവരിലും ഷാജിമാരുണ്ട്. അത് തിരിച്ചറിയുക എന്നിടത്താണല്ലോ നമ്മുടെയൊക്കെ വിജയം. പ്രിയപ്പെട്ട ഷാജിക്ക്, സ്നേഹാലിംഗനങ്ങള്
'എല്ലാവരിലും ഒരു ഷാജിയുണ്ട്'; തൃപ്പൂണിത്തുറയിലെ അപകടത്തിനിടെ സ്ത്രീക്ക് തുണയായ ഷാജിയെ അഭിനന്ദിച്ച് കെ.സി. വേണുഗോപാല് എം.പി