രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ആദ്യ ദിനം പുലർച്ചെ 6 മണിക്ക് തന്നെ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ തുറക്കും. റെക്കോർഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ കേരളത്തിലെയും കർണാടകത്തിലെയും വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വൻ തരംഗമായി മാറിയ ‘ജയിലർ’ക്ക് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം. ആദ്യ ഭാഗത്തിലെ അഭിനേതാക്കൾക്ക് പുറമേ വമ്പൻ താരനിര തന്നെ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. സൂപ്പർ താരം മോഹൻലാലും കന്നഡ താരം ശിവ രാജ്കുമാറും വീണ്ടും അതിഥി വേഷങ്ങളിൽ എത്തുന്നു എന്നത് മലയാളി പ്രേക്ഷകർക്കിടയിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലർ. മാസ് ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, നെൽസൺ ശൈലിയിലുള്ള ബ്ലാക്ക് ഹ്യൂമർ എന്നിവയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ തകർപ്പൻ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 'ദിലീപ്' എന്ന നിർണായക വില്ലൻ കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ. നിർമ്മലും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, പിആർഒ: ശബരി.