തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് പൂർണ്ണ സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് 'സ്പീക്ക് അപ്പ്' (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ലഹരിമാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാന്' ശേഷമാണ് ആഭ്യന്തരവകുപ്പ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് പദ്ധതിയുടെ പ്രത്യേക ചുമതല.
ഗാർഹിക അതിക്രമങ്ങൾ തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിംഗും ലഭ്യമാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ഉറപ്പാക്കുക എന്നിവയാണ് ദൗത്യസേനയുടെ പ്രധാന ലക്ഷ്യങ്ങൾ. പരാതി നൽകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സാഹചര്യവും പദ്ധതിയിലൂടെ ഒരുക്കും. ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്' എന്ന സന്ദേശമാണ് പദ്ധതി നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങളെന്നും, സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ആർക്കും നീതി നിഷേധിക്കപ്പെടരുതെന്ന നിർബന്ധമുള്ളതിനാലാണ് ശക്തമായ പോലീസിംഗ് ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്ത്രീകളാണ് കേരളത്തിൽ ഗാർഹിക പീഡനം മൂലവും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാലും മരിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 'സ്പീക്ക് അപ്പ്' പ്രാധാന്യമർഹിക്കുന്നത്. ഒരു സഹോദരിയോടോ സുഹൃത്തിനോടോ എന്നപോലെ സ്ത്രീകൾക്ക് ഭയമില്ലാതെ പരാതികൾ അറിയിക്കാം. പരാതി നൽകുന്ന രീതി, ലഭ്യമായ നിയമസഹായങ്ങൾ എന്നിവയിലെല്ലാം വ്യക്തമായ മാർഗ്ഗനിർദ്ദേശം ലഭിക്കും.
പരമ്പരാഗത ശൈലിയിൽ നിന്ന് മാറി, അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ മുൻഗണന നൽകുന്ന സമീപനമായിരിക്കും ദൗത്യസേനയുടേത്. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെയായിരിക്കും പോലീസുകാർ ഇവരെ സമീപിക്കുക. ചുമതലയുള്ള ഓഫീസർമാർ ഓരോ കേസിന്റെയും പുരോഗതിയും മറ്റ് സഹായങ്ങളും ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും. ഡിജിറ്റൽ ഹെൽപ്പ് ലൈൻ, വാട്‌സാപ്പ്, മൊബൈൽ ആപ്പ് എന്നിവ വഴി പരാതി നൽകാൻ കമാൻഡ് സെന്ററും സജ്ജമാക്കും. പോക്‌സോ നിയമത്തിന് സമാനമായി പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലനവും നൽകുകയും ചെയ്യും.