അമ്മ താരസംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അമ്മ തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികള്‍ ഉറപ്പു നല്‍കിയതായി മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരത്ത് സിനിമ മേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായിട്ടാണ് സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് തലസ്ഥാനത്ത് ചര്‍ച്ച നടത്തിയത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്കിടയിലാണ് അമ്മയിലെ വിഷയങ്ങളെക്കുറിച്ച് മന്ത്രി അമ്മ ഭാരവാഹികളുമായി ആശയവിനിമയം നടത്തിയത്.
തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അമ്മ തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികള്‍ ഉറപ്പു നല്‍കിയെന്ന് മന്ത്രി പറഞ്ഞു. കുക്കു പരമേശ്വരനുമായി അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നും അവര്‍ തന്നെ പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചുവെന്നും ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. താര സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചെന്ന് മന്ത്രി അറിയിച്ചു. വിനോദ നികുതി ഒഴിവാക്കുക, ഇന്‍ഡസ്ട്രിയല്‍ സ്റ്റാറ്റസ് നല്‍കുക, കൊച്ചിയിലും മലബാറിലും പൈറസി തടയുന്നതിനായുള്ള ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വച്ചത്. വിനോദനികുതി പ്രശ്‌നം പെട്ടെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും എന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന മറ്റു വിഷയങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു. ബഡ്ജറ്റിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സിനിമ സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തിയത്.
അമ്മയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സംഘടന തന്നെ പരിഹരിക്കും; ഉറപ്പ് നല്‍കിയെന്ന് സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്