Logo
Mon, Jun 22, 2026 • 08:49 PM
LIVE TV
Watch

No business videos available

No Middle East videos available

'രാജ്യം അപകടത്തിലാണ്, എന്നാൽ രാജാവ് അത് സമ്മതിക്കില്ല'; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2022
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'രാജ്യം അപകടത്തിലാണ്, എന്നാൽ രാജാവ് അത് സമ്മതിക്കില്ല'; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം.  
''ബഹുമാന്യനായ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മറുപടി പറയുന്നതിനായി എന്നെ ക്ഷണിച്ചതിന് സ്പീക്കറിന് നന്ദി. രാഷ്ട്രപതിയുടെ അഭിസംബോധന ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു, നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്, എങ്ങനെയായിരിക്കണം മുന്നോട്ട് പോകേണ്ടത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ ഒരു പ്രസംഗമായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. നിര്‍ഭാഗ്യവശാല്‍ ആ പ്രസംഗത്തില്‍ ഇവയൊന്നും സൂചിപ്പിക്കാതെ കേന്ദ്രസര്‍ക്കാര്‍ ചെയ്തു എന്നവകാശപ്പെടുന്ന കുറെ കാര്യങ്ങളുടെ പട്ടിക അവതരിപ്പിക്കുക മാത്രമാണുണ്ടായത്. രാജ്യം നേരിടുന്ന ആഴത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥര്‍ പേപ്പറില്‍ തയാറാക്കി നല്‍കിയ കുറേവിഷയങ്ങളായിരുന്നു അതിന്‍റെ ഉള്ളടക്കം. അദ്ദേഹം സൂചിപ്പിക്കാന്‍ വിട്ടുപോയ, പറയാതിരുന്ന, ഈ രാജ്യത്തെ മനുഷ്യരില്‍ നിന്നും ഒളിപ്പിച്ചുവച്ച വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചില്ല എന്ന് ഞാന്‍ മനസിലാക്കുന്നു. ഒന്നാമതും ഏറ്റവും പ്രധാനപ്പെട്ടതുമായ വിഷയമായി കാണേണ്ടത് ഇവിടെ രണ്ട് തരം ഇന്ത്യ നിര്‍മ്മിക്കപ്പെടുന്നു എന്ന വസ്തുതയാണ്. വലിയ തോതില്‍ പണവും അധികാരവും സ്വാധീനശക്തിയും ഉള്ളവരും തൊഴിലും തൊഴിലവസരങ്ങളും ആവശ്യമില്ലാത്തവരുമായ ഒരു വിഭാഗത്തിന്‍റെ ഇന്ത്യയും അതല്ലാത്ത സാധാരണ മനുഷ്യരുടെ മറ്റൊരു ഇന്ത്യയും. പാവങ്ങളുടെ ഇന്ത്യയില്‍ അതിജീവനം ഇപ്പോഴും വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ രണ്ടു വിഭാഗങ്ങളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള അന്തരമാകട്ടെ ദിനംപ്രതി വര്‍ധിക്കുന്നു. പാവങ്ങളുടെ ഇന്ത്യയില്‍ തൊഴില്‍രഹിതരായ യുവാക്കളാണ് അധികം. സംസ്ഥാനം ഏതുമാകട്ടെ തൊഴില്‍ രഹിതരുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നുകൊണ്ടേ ഇരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഈ ദുരവസ്ഥ പരിഹരിക്കാനുള്ള യാതൊരു സൂചനകളും നാം കേട്ടില്ല. ബിഹാറില്‍ എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യപ്പെട്ടില്ല. കണക്കുകള്‍ പ്രകാരം 2021 ല്‍ മാത്രം മൂന്നു കോടിയിലധികം യുവാക്കളാണ് രാജ്യത്ത് തൊഴില്‍ രഹിതരായത്. കഴിഞ്ഞ അമ്പത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്നു പോകുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ക്കാകട്ടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ യാതൊരു സംഭാവനയും നല്‍കാന്‍ കഴിയുന്നില്ല. നിലവിലുള്ള ജോലികള്‍ കൂടി ഇല്ലെന്നാകുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന് അറിവില്ലാത്ത കാര്യമല്ല. ഈ ദുരവസ്ഥ അറിയുന്നതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ ആ വിഷയത്തില്‍ യാതൊരു അഭിപ്രായവും ഇതുവരെ പറയാതിരിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍, അസംഘടിത മേഖല തുടങ്ങിയ ഇടങ്ങളില്‍ ഒന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഈ പണമാണ് രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി വകമാറ്റപ്പെടുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അസംഘടിത മേഖലയുടെമേലും ചെറുകിട വ്യവസായങ്ങളുടെമേലും ഒന്നിന് പിന്നാലെ ഒന്നായി അക്രമണങ്ങള്‍ നടത്തുകയല്ലേ സര്‍ക്കാര്‍ ചെയ്തത്? നോട്ട് നിരോധനവും വികലമായ ജിഎസ്ടി നിയമങ്ങളും കാരണം തകര്‍ന്നു പോയ ഈ മേഖലയ്ക്ക് കൊറോണയുടെ കാലത്ത് പ്രതീക്ഷിച്ചിരുന്ന ഒരു പിന്തുണയും സര്‍ക്കാര്‍ നല്‍കിയില്ല. 27 കോടി ജനങ്ങളെ യുപിഎ സര്‍ക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയപ്പോള്‍ പിന്നീട് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ 23 കോടി ജനങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തിരികെ തള്ളിയിടുകയാണ് ചെയ്തത്. സംഘടിത മേഖലയില്‍ കുത്തകകള്‍ക്ക് മാത്രമായി അധികാരങ്ങള്‍ നല്‍കി. ഒരേ ഒരു വ്യക്തിക്കാണ് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും അധികാരം നിങ്ങള്‍ നല്‍കിയത്. വൈദ്യുതി വിതരണം, ഖനനം, ഹരിതഊര്‍ജം തുടങ്ങി രാജ്യത്ത് ഏതൊക്കെ വ്യവസായ മേഖലകളുണ്ടോ അവിടെയെല്ലാം അദാനിയെ നമുക്ക് കാണാന്‍ സാധിക്കും. മറ്റൊരു വശത്ത് പെട്രോകെമിക്കല്‍, ടെലികോം, ഇ-കൊമേഴ്സ്, റീട്ടെയ്ല്‍ വ്യാപാരം എന്നീ മേഖലകളിലെല്ലാം അംബാനിയാണ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ അപ്പാടെ ഇത്തരത്തില്‍ സര്‍ക്കാരിന്‍റെ ചില വേണ്ടപ്പെട്ടവരുടെ മാത്രം കൈകളിലേക്ക് എത്തുകയാണ്. രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെയും അസംഘടിത മേഖലയെയും അപ്പാടെ നിങ്ങള്‍ നാശോന്മുഖമാക്കുകയാണ് ചെയ്തത്. അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. ഒരു പക്ഷെ ആ സഹായങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ നമ്മുടെ ഉത്പാദന മേഖല ഇത്ര വലിയ പ്രതിസന്ധി നേരിടില്ലായിരുന്നു. നിങ്ങള്‍ നാള്‍തോറും പ്രഘോഷിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് പിന്നില്‍ ഉണ്ടാകേണ്ടത് ഈ അസംഘടിത മേഖലയും ചെറുകിട വ്യവസായികളുമായിരുന്നു. അവരെ ഇല്ലാതാക്കുക വഴി നിങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തെ അര്‍ത്ഥശൂന്യമാക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 46 ശതമാനം ജോലികളുടെ നഷ്ടമാണ് ഉത്പാദന മേഖലയില്‍ സംഭവിച്ചത്. സര്‍ക്കാരിന്‍റെ ശ്രദ്ധ മുഴുവന്‍ പ്രിയപ്പെട്ടവരായ ചുരുക്കം ചില മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്. വലിയ വ്യവസായങ്ങള്‍ വേണ്ടെന്നല്ല ഞാന്‍പറയുന്നതിനര്‍ത്ഥം. അവര്‍ക്ക് ഇത്രമാത്രം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ് അതിലെ പ്രശ്‌നം. ചെറുകിട വ്യവസായങ്ങള്‍ക്ക് മാത്രമേ നമ്മുടെ രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കാന്‍ സാധിക്കൂ. പുതിയ ഇന്ത്യ എന്നത് നിര്‍ഭാഗ്യവശാല്‍ ചില മുതലാളിമാരുടെ മാത്രം താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഇന്ത്യ എന്നായിരിക്കുകയാണ്. രാജ്യം എക്കാലവും ഇതിനൊക്കെ നിശബ്ദമായി സാക്ഷ്യം വഹിക്കുമെന്ന് നിങ്ങള്‍ കരുതേണ്ട. ഇന്ത്യയുടെ 40 ശതമാനം ധനവും സര്‍ക്കാരിന് പ്രിയപ്പെട്ട പത്തോളം വരുന്ന മുതലാളിമാരുടെ കൈകളിലാണ്. ഇതാണ് നരേന്ദ്ര മോദിയുടെ രാജ്യത്തിനായുള്ള സംഭാവന. ഇനിയെങ്കിലും നിങ്ങള്‍ അസംഘടിത മേഖലയെകൂടി ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കൂ. ലക്ഷകണക്കിന് വരുന്ന തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ അങ്ങനെയേ സാധിക്കൂ. നിങ്ങള്‍ നിര്‍ബന്ധമായും ഇന്ത്യയുടെ ഭരണഘടന വായിക്കേണ്ടതുണ്ട്. അതില്‍ സുവ്യക്തമായി പറഞ്ഞിട്ടുണ്ട് ഇന്ത്യയെന്നാല്‍ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഓരോ വ്യക്തിക്കും ഒരേ അവകാശങ്ങളും അധികാരങ്ങളുമാണ് ഭരണഘടയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ജമ്മു കാശ്മിര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഓരോ വ്യക്തിയും ഈ രാജ്യത്ത് തുല്യ അവകാശങ്ങള്‍ ഉള്ളവരാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ രണ്ട് പ്രധാന ദര്‍ശനങ്ങളാണുള്ളത്. ഒന്നാമതായുള്ളത് നാം സംസ്ഥാനങ്ങളാല്‍ നിര്‍മ്മിതമായ ഒരു യൂണിയനാണ് എന്നതാണ്. യഥാര്‍ത്ഥത്തില്‍ അത് വഴി മനുഷ്യരുടെ സാധാരണ സംഭാഷണം പോലെ ലളിതമായ ബന്ധമാണ് വ്യക്തമാക്കപ്പെടുന്നത്. ഇതൊരു രാജാധികാര പ്രയോഗമാകാന്‍ പാടില്ല. ഏത് ഭാവനാലോകത്തായാലും ശരി നിങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ട് അവരെ ഭരിക്കാന്‍ സാധിക്കില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ആരും ചെയ്യാത്തതും ആര്‍ക്കും സാധിക്കാത്തതുമായ കാര്യമാണത്. ഇന്ത്യയിലെ മഹാന്മാരായ എല്ലാ ചക്രവര്‍ത്തിമാരും ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയും ആയിരുന്നു ഭരണനിര്‍വഹണം നടത്തിയിരുന്നത് എന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. നിങ്ങള്‍ വലിയ ആശയക്കുഴപ്പത്തിലാണെന്നതാണ് ഇപ്പോഴുള്ള പ്രശ്‌നം. നിങ്ങള്‍ കരുതുന്നു ഇന്ത്യയിലെ ബഹുസ്വരതയുടെ ശബ്ദങ്ങളെ അധികാരം കൊണ്ട് അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന്. അത്രമേല്‍ ചരിത്രബോധം നിങ്ങള്‍ക്കില്ല എന്നത് തന്നെ കാരണം. ഉദാഹരണത്തിന് തമിഴ് മക്കളുടെ ഹൃദയത്തില്‍ തമിഴ് സംസ്‌കാരത്തിന്‍റെയും ഭാഷയുടെയും സ്വത്വത്തിന്‍റെയും ആശയം നിശ്ചയമായും ഉണ്ടാകും. അതില്‍ ഇന്ത്യയുടെ ആശയവും ഉള്‍ക്കൊള്ളുന്നുവെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ല. ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങള്‍ക്കും ഈ ആശയങ്ങളാല്‍ നിര്‍മ്മിതമായ സ്വത്വം ഉണ്ട് . ഇതാണ് നമ്മുടെ ശക്തി. നിങ്ങളുടെ ധാരണ കേന്ദ്രീകൃത ഭരണം എന്ന വടിയുമായി രാജ്യം മുഴുവന്‍ ഭരിക്കാന്‍ സാധിക്കുമെന്നാണ്. വികലമായ ചരിത്രബോധവും രാജ്യത്തെക്കുറിച്ചുള്ള അബദ്ധ ധാരണയുമാണ് അങ്ങനെ ചിന്തിക്കുവാന്‍ പ്രേരണ ആകുന്നത്. എന്നൊക്കെ ആ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ അന്നെല്ലാം രാജ്യം അതിനെ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ മനസിലാക്കുക. 1947 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാക്കിയ രാജഭരണമാണ് നിങ്ങള്‍ ഇപ്പോള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഒരു ഏകാധിപത്യ ഭരണാധികാരിയായ രാജാവിനെ പോലെ നിങ്ങള്‍ രാജ്യത്തെ ബഹുസ്വരതയെ ആക്രമിക്കുകയാണ്. നീണ്ട ഒരു വര്‍ഷമാണ് കര്‍ഷകസുഹൃത്തുക്കള്‍ ഈ കൊറോണ കാലത്തു തെരുവുകളില്‍ സമരം നടത്തിയത്. അവരില്‍ എത്രയോ പേര്‍ മരണപ്പെട്ടു. ഇതൊന്നും നിങ്ങള്‍ക്ക് പ്രശ്‌നമല്ല എന്ന മട്ടിലാണ് ഭരണം. രാജാവ് അത് അംഗീകരിക്കില്ല എന്നതായിരുന്നു അവരെ നിരാകരിക്കാന്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന കാരണം. നിങ്ങള്‍ ആരെയും കേള്‍ക്കാന്‍ മനസ് കാട്ടുന്നില്ല. ദളിത് വിഷയങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് എത്രയോ പ്രതിലോമകരമാണ്. അത് നന്നായി അറിയുന്ന ആളാണല്ലോ എന്‍റെ സുഹൃത്തായ ശ്രീ. കമലേഷ് പാസ്വാന്‍. വര്‍ഷങ്ങളായി ദളിതരെ അടിച്ചമര്‍ത്തുന്നത് ഏതു ശക്തികളായിരുന്നുവെന്ന് അദ്ദേഹത്തിന് അറിവുള്ളതാണ്. എന്നാല്‍ അദ്ദേഹത്തിന് പ്രതികരിക്കാനാകുന്നില്ല. കാരണം അദ്ദേഹം തെറ്റായ ഒരു പാര്‍ട്ടിയിലാണിപ്പോഴുള്ളത്. ഇന്ത്യയെ കുറിച്ചുള്ള നിങ്ങളുടെ തികച്ചും തെറ്റായ ധാരണകള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് രാജ്യത്തുണ്ടാക്കിയിട്ടുള്ളത്. ഉദാഹരണത്തിന് ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍, പെഗാസസ് എന്നിവയെല്ലാം ബഹുജന ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും നശിപ്പിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപാധികളാണ്. പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ ഒരു പൊതുപ്രവര്‍ത്തകനെ നിരീക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍, പ്രധാനമന്ത്രി നേരിട്ട് ഇസ്രായേലില്‍ പോയി പെഗാസസിന്‍റെ ഉപയോഗത്തിന് അംഗീകാരം കൊടുക്കുമ്പോള്‍, നിങ്ങള്‍ അക്രമിക്കുന്നത് ഇന്ത്യയിലെ വിവിധങ്ങളായ ശബ്ദങ്ങളെയാണ്. വിവിധങ്ങളായ സംസ്ഥാനങ്ങളുടെ വികാരഭേദങ്ങളെയാണ്. നിങ്ങള്‍ക്ക് ഇതിനെല്ലാം പ്രതികരണം ലഭിക്കുക തന്നെ ചെയ്യും. ഈ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നടത്തുന്ന കടന്നുകയറ്റത്തിനെല്ലാം നിങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ മറുപടി ലഭിക്കുമെന്നുറപ്പാണ്. നിങ്ങള്‍ക്ക് എല്ലാം ലഘുവായ വിഷയങ്ങള്‍ ആയിരിക്കാം. നിങ്ങള്‍ക്കറിവുള്ളതാണല്ലോ എന്‍റെ മുതുമുത്തശ്ശന്‍ രാഷ്ട്ര നിര്‍മ്മാണവേളയില്‍ പതിനഞ്ച് വര്‍ഷം ജയില്‍വാസം അനുഭവിച്ച ഒരു വ്യക്തിയാണ്. എന്‍റെ മുത്തശ്ശി 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയാണ് കൊല്ലപ്പെട്ടത്. എന്‍റെ പിതാവ് ബോംബ് സ്ഫോടനത്തില്‍ ചിതറിത്തെറിക്കുക ആയിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നു ഈ രാഷ്ട്രം എന്താണെന്ന് എനിക്ക് അല്‍പ്പം കൂടി മനസിലാകും. എന്‍റെ മുതുമുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പിതാവിന്‍റെയും ത്യാഗത്തില്‍ എന്‍റെ രക്തവുമുണ്ടായിരുന്നു എന്ന് തന്നെ പറയാം. നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. നാഗാലാന്‍ഡിലും തമിഴ്‌നാട്ടിലും ജമ്മു കശ്മീരിലും തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ ലഘുവായി കാണുന്നത് യഥാര്‍ത്ഥത്തില്‍ അതീവ ഗുരുതരമായ വിഷയങ്ങളെയാണ്. നിങ്ങള്‍ ഇതൊക്കെ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനൊക്കെ ചെയ്തു കൂട്ടാന്‍ കാരണം നിങ്ങള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ല എന്നതാണ്. നിങ്ങള്‍ സ്വയം പഠിക്കൂ. ഇന്ത്യയിലെ എല്ലാ സാമ്ര്യാജ്യങ്ങളും കാലങ്ങള്‍ക്ക് മുന്നേ തന്നെ രാഷ്ട്രങ്ങളുടെ യൂണിയന്‍ ആയിരുന്നു. അശോക ചക്രവര്‍ത്തി തന്‍റെ സാമ്രാജ്യത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്തൂപങ്ങള്‍ സ്ഥാപിച്ചതിനു പിന്നിലെ കാരണം ആ രാഷ്ട്രങ്ങളോടുള്ള ആദരവായിരുന്നു. നിങ്ങള്‍ ഈ രാജ്യത്തെ മനുഷ്യരോട് അനാദരവ് കാട്ടുകയാണ്. ഈ സഭയ്ക്ക് മുന്നില്‍ ഞാനൊരു ഉദാഹരണം പറയാം. കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കാന്‍ മണിപ്പൂരില്‍ നിന്നും ചില നേതാക്കള്‍ എത്തിയിരുന്നു. മണിപ്പൂര്‍ സംസ്ഥാനത്തെ ചില പ്രശ്‌നങ്ങള്‍ പറയാന്‍ അവര്‍ അടുത്തിടെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ പോയപ്പോള്‍ വീടിനു പുറത്തായി അവരുടെ ഷൂസ് ഊരിവെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീടിനുള്ളില്‍ ചെന്നപ്പോള്‍ ഷൂസ് ധരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രിയെ ആണ് അവര്‍ കണ്ടത്. രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ ആ രാജ്യത്തെ, ഒരു സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് ഷൂസ് ധരിച്ചു കയറാന്‍ സാധിക്കില്ല ! ഇന്ത്യയിലെ മനുഷ്യരെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയാകരുത്. ഞങ്ങള്‍ നിങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന നിലയില്‍ ഉള്ളവരാണെന്ന സന്ദേശമാണ് ഇതു വഴി നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. ഇത് തികച്ചും തെറ്റാണ്. ഞാന്‍ എന്‍റെ പ്രസംഗത്തിന്‍റെ അവസാന ഭാഗത്തേക്ക് വരട്ടെ. സംഘപരിവാറും ബിജെപിയും ഈ രാഷ്ട്രത്തിന്‍റെ അടിസ്ഥാന ഘടനയെയാണ് ആക്രമിക്കുന്നത്. രാജ്യത്തെ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെയാണ് അവര്‍ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ ഭാഷകള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയാണവര്‍. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴിലിനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നത് വഴി നിങ്ങള്‍ ലക്ഷ്യമാക്കുന്നത് നമ്മുടെ രാജ്യത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുക എന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായുള്ള അവസ്ഥ പരിശോധിച്ചാല്‍ മനസിലാകും ഇപ്പോള്‍ ഒരു രാജ്യം എന്ന നിലയില്‍ നാം വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു എന്ന കാര്യം. എന്തു കൊണ്ട് നിങ്ങള്‍ക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ ഒരു അതിഥിയെ ലഭിച്ചില്ല എന്ന് നിങ്ങള്‍ സ്വയം ചോദിക്കൂ. ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇന്ത്യ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. നമ്മള്‍ ചുറ്റപ്പെടുകയാണ്. ശ്രീലങ്ക, നേപ്പാള്‍, ബര്‍മ്മ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം നാം ഒറ്റപ്പെട്ടിരിക്കുകയാണ്, അശക്തരാക്കപ്പെട്ടിരിക്കുകയാണ്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നീ കാര്യങ്ങളിലെല്ലാം ചൈനയ്ക്ക് വളരെ കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വിദേശ നയത്തിന്‍റെ ഏറ്റവും തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്ന് പാകിസ്ഥാനെയും ചൈനയെയും ഒന്നിപ്പിക്കാതെ നിര്‍ത്തുക എന്നതായിരുന്നു. നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നത്?  അവരെ നിങ്ങള്‍ ഒരുമിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ശത്രുവിന്‍റെ ശക്തിയെ ഒരിക്കലും വില കുറച്ചു കാണരുത്. പാകിസ്ഥാനെയും ചൈനയെയും ഒരുമിപ്പിച്ചത് നിങ്ങള്‍ ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ അപരാധമാണ്. യാതൊരു ആശങ്കകളും ഇല്ലാതെ എനിക്ക് പറയാന്‍ സാധിക്കും ചൈനയ്ക്ക് വളരെ കൃത്യമായ ഒരു പദ്ധതി ഉണ്ട്. ധോക്ലാമിലും ലഡാക്കിലും ആ പദ്ധതിയുടെ അടിത്തറ അവര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയ്ക്ക് മുന്നില്‍ നില്‍ക്കുന്ന വളരെ സങ്കീര്‍ണമായ ഒരു ഭീഷണിയാണ്. നമ്മള്‍ അങ്ങേയറ്റം ഗുരുതരമായ തെറ്റുകള്‍ ജമ്മു-കശ്മീരില്‍ ചെയ്തു കഴിഞ്ഞു. വിദേശനയത്തില്‍ അടുത്തിടെ നമ്മള്‍ വരുത്തിയ തെറ്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ തിരുത്തേണ്ടതാണ്. ചൈനയും പാകിസ്ഥാനും കൃത്യമായ പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ക്കെന്താണ് മനസിലാകാത്തത്. അവര്‍ സമാഹരിക്കുന്ന ആയുധങ്ങള്‍ നിങ്ങള്‍ കാണൂ... അവര്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കൂ... അവര്‍ ആരോടൊക്കെ സംസാരിക്കുന്നു എന്ന് നിങ്ങള്‍ വീക്ഷിക്കൂ. ഞാന്‍ വളരെ വ്യക്തമായി ഈ സഭയില്‍ പറയുന്നു. നമ്മള്‍ അതീവ ഗുരുതരമായ അബദ്ധങ്ങള്‍ ചെയ്തു കൂട്ടിയിരിക്കുന്നു. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ നാം നിബന്ധമായും നടത്തണം എന്ന് ഈ അവസരത്തില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ചൈന അടുത്ത നടപടികളുമായി മുന്നോട്ടു പോകും എന്നുറപ്പാണ് . ഓര്‍ക്കുക നിങ്ങള്‍ മാത്രമായിരിക്കും അതിനുത്തരവാദികള്‍. ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നു ഒരു രാഷ്ട്രം എന്ന നിലയില്‍ നാം ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക തന്നെ ചെയ്യണം, കാരണം ഞങ്ങള്‍ക്ക് അനുഭവസമ്പത്തുണ്ട്. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ട്. ഈ കാര്യങ്ങളെല്ലാം മനസിലാകുന്ന, അറിവുള്ള നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന് നിങ്ങള്‍ മനസിലാക്കുക. ഞങ്ങളെയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഞാന്‍ പറയുന്നത് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും മനസിലാകുന്നുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ മൂന്നു കാര്യങ്ങളാണ് എനിക്ക് ഇന്നിവിടെ പറയാന്‍ ഉണ്ടായിരുന്നത്. നമ്മുടെ രാജ്യം ഒരു പ്രതിസന്ധി നേരിടുകയാണ്. പുറത്തുനിന്നും അകത്തു നിന്നും ഭീഷണികള്‍ നേരിടുന്നു. എന്‍റെ പ്രിയപ്പെട്ട രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നില്‍ക്കാന്‍ എനിക്കാവുന്നില്ല. ഞാന്‍ അതില്‍ വലിയ ആശങ്കാകുലനാണ്. പുറമെ നിന്നും വളരെയധികം ഒറ്റപ്പെട്ടിരിക്കുകയാണ് നമ്മള്‍. രാജ്യത്തിനുള്ളിലും കലഹങ്ങളാണ്. ഇതൊക്ക എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. അതുകൊണ്ടാണ് ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇന്ന് സംസാരിക്കാമെന്ന് ഞാന്‍ കരുതിയത്. നിങ്ങളില്‍ പലരും പതിവ് പോലെ ഈ പറഞ്ഞതിനെ ഒക്കെ കളിയാക്കുമായിരിക്കും. അത് മാത്രം ചെയ്യാനാണല്ലോ നിങ്ങളോട് അവര്‍ പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ അങ്ങനെ ചെയ്‌തോളൂ. പക്ഷെ ഓര്‍ക്കുക, നിങ്ങള്‍ ഈ മഹത്തായ രാജ്യത്തെ വലിയ അപകടത്തിലാക്കുകയാണ്.''
 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10