ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധത്തില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. സംഭവത്തില്‍ ഫര്‍സീന്‍ മജീദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജൂലൈ ഒന്നിന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നുള്ള ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് പരാതിയില്‍ പറയുന്നു.
സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഗതിയുണ്ടാകുമെന്നാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. മുന്‍പ് ഭരണം ഉണ്ടായിരുന്നതാണ് തന്നെ വധിക്കുന്നതിന് തടസ്സമായി നിന്നതെന്നും, ഇപ്പോള്‍ ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാന്‍ കഴിയുമെന്നും വിളിച്ചയാള്‍ പറഞ്ഞതായി ഫര്‍സീന്‍ വ്യക്തമാക്കി. വധഭീഷണിയെ തുടര്‍ന്ന് താനും കുടുംബാംഗങ്ങളും വലിയ ഭീതിയിലാണെന്നും വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനാണ് ഫര്‍സീന്‍ മജീദ് മുന്‍പ് അറസ്റ്റിലായത്. പ്രതിഷേധത്തിനിടെ ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചുവെന്ന കേസില്‍ ഇ.പി. ജയരാജനെതിരെ നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി