വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നലെയും വൻ പ്രതിഷേധവും സംഘർഷവും. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹി കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച 'ലഹ്റാ ദോ തിരംഗ' പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. നിരോധനാജ്ഞയും കനത്ത പൊലീസ് സുരക്ഷയും മറികടന്ന് നൂറുകണക്കിന് പ്രവർത്തകർ ദേശീയപതാകയുമായി തെരുവിലിറങ്ങി.
കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപ് തന്നെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വഴിമധ്യേ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസ (AISA) നേതാവ് നേഹാ ബോറയെയും മറ്റ് പ്രവർത്തകരെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ നേതാക്കളുടെ അറസ്റ്റിലും തളരാതെ പ്രവർത്തകർ നഗരത്തിലുടനീളം മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ ഒന്നടങ്കം സ്ഥലത്തേക്ക് എത്തിയതോടെ സെൻട്രൽ പാർക്കും പരിസരവും സംഘർഷഭരിതമായി. സി.ജെ.പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ നഗരമധ്യത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈകിട്ട് ഏഴുമണിയോടെ പ്രക്ഷോഭകർ പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്തു.
പോലീസിന്റെ കസ്റ്റഡി നടപടികളെയും തടസ്സങ്ങളെയും മറികടന്ന് രാത്രി വൈകിയും പ്രകടനങ്ങൾ തുടർന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടത് സംഘടനകൾ ഇന്നും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.