സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുതിർന്ന സി.പി.എം നേതാവ് പിണറായി വിജയൻ ഇ.ഡിയുടെ ചോദ്യം ചെയ്യലിലേക്ക് നീങ്ങുന്നതോടെ, വിഷയത്തെ രാഷ്ട്രീയമായി എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം. ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടീസ് നൽകിയതോടെ വിഷയം പാർട്ടിക്കുള്ളിൽ വലിയ അമർഷത്തിനും പുകച്ചിലിനും കാരണമായിട്ടുണ്ട്.
ഇ.ഡിക്ക് മുൻപാകെ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം സി.പി.എം നേതാക്കളുള്ളത്. പിണറായിയെ ചോദ്യം ചെയ്യുന്നത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നും, അതിനാൽ ചോദ്യം ചെയ്യലിൽ നിന്ന് മാറിനിൽക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ പാർട്ടിക്കുള്ളിലെ മറ്റ് നേതാക്കൾ ഈ നിലപാടിനോട് യോജിക്കുന്നില്ല എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
നേരത്തെ ഈ കേസിൽ മുന് മന്ത്രി മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് നേതൃത്വം കരുതിയിരുന്നത്. അതിനെ പ്രതിരോധിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം പിണറായിയിലേക്ക് നേരിട്ടെത്തിയിരുന്നില്ല. മുൻപ് വീടുകളിൽ അടക്കം അന്വേഷണ ഏജൻസി പരിശോധന നടത്തിയപ്പോഴും അദ്ദേഹത്തോട് ചോദ്യങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. നിലവിൽ ഇ.ഡി നടപടിക്കെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതിയുടെ നിലപാടാണ് നിർണായകം. അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കാൻ കോടതി തയാറാകാത്ത സാഹചര്യത്തിൽ വിധി എതിരായാൽ പിണറായിക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. ഇത് സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഇ.ഡിയെ മുന്നിൽ നിർത്തിയുള്ള ബി.ജെ.പി, ആർ.എസ്.എസ് വേട്ടയെ രാഷ്ട്രീയമായി നേരിടുമെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും അത് എത്രത്തോളം ഫലപ്രദമാകുമെന്നതിൽ ഉറപ്പില്ല. ചോദ്യം ചെയ്യലിനപ്പുറം അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി കടന്നാൽ പ്രതിരോധം പൂർണ്ണമായി പാളും. കുടുംബം നടത്തിയ ഇടപാടുകളുടെ പേരിൽ ആദ്യമായാണ് ഒരു സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ഇത്തരത്തിൽ പ്രതിക്കൂട്ടിലാകുന്നത്. ഇതിനുപുറമേ, ഇടത് മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ പോലും പിന്തുണയ്ക്കുന്നില്ലെന്നത് തിരിച്ചടിയാണ്. നിലവിലെ അന്വേഷണ നീക്കങ്ങൾ മുൻകൂട്ടി കണ്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നു.