കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം കണ്ണൂർ വിശാല കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും പ്രമുഖ നേതാവുമായ കെ.കെ. ശൈലജയെ തഴഞ്ഞുവെന്നും, പേരാവൂരിൽ മത്സരിപ്പിച്ചത് അവരെ ഒതുക്കാനാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്തെന്നും അണികൾ യോഗത്തിൽ തുറന്നടിച്ചു. എന്നാൽ ഈ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ നേതൃത്വത്തിനായില്ലെന്നും വിമർശനമുയർന്നു.
പാർട്ടിയുടെ സംഘടനാപരമായ വീഴ്ചകളും യോഗത്തിൽ ചർച്ചയായി. ജില്ലയിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥി ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും, പയ്യന്നൂരിൽ ഏരിയ കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായത് തോൽനിയുടെ ആക്കം കൂട്ടിയെന്നും വിലയിരുത്തലുകളുണ്ടായി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചർച്ചകളിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും കടുത്ത വിമർശനങ്ങളാണ് അണികളുടെ ഭാഗത്തുനിന്നും ഉയർന്നത്.
തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പുറമെ, ഏറെ വിവാദമായ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിലും നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നടപടിയെടുക്കാൻ സാധിക്കാത്തത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും യോഗം വിലയിരുത്തി.
കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമർശനപ്പെരുമഴ