തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാന സീറ്റുകളിലുണ്ടായ പരാജയം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. പാര്‍ട്ടി സെന്റര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും കൃത്യമായി കേള്‍ക്കാനും നടപ്പിലാക്കാനും ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും ബിനോയ് വിശ്വം യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ല; കെ.ആര്‍ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടി
സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സെക്രട്ടറിയേറ്റിലുള്ളവര്‍ ആരും മോശക്കാരല്ല. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കൊല്ലം ജില്ലാ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയുണ്ടാകും. ചന്ദ്രമോഹനെ പരസ്യമായി താക്കീത് ചെയ്യാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. നിലവിലുള്ള സി.പി.ഐ സെക്രട്ടറിയേറ്റ് സംവിധാനവുമായി തന്നെ പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രധാന സീറ്റുകളിലെ തോല്‍വി വേദനിപ്പിക്കുന്നത്; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ബിനോയ് വിശ്വം