മദ്യനയ അഴിമതി: മന്ത്രിയെ മാറ്റി നിര്‍ത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
May 25, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കേരളത്തിൽ യഥേഷ്ടം മദ്യലഭ്യത വർധിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മദ്യനയം മാറ്റുന്നതിന് പിന്നിലെ വ്യക്തമായ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്നും എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനെ മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിയും സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ വീണിടത്തുകിടന്ന് ഉരുളുകയാണെന്നും മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നാം തീയതികളിലെ ഡ്രൈ ഡേ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള മാറ്റങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്ത വന്നിട്ടും സര്‍ക്കാരോ മന്ത്രിയോ നിഷേധിച്ചിട്ടില്ല. ഒന്നാം തീയതിയിലെ മദ്യവില്‍പ്പന പുനഃരാരംഭിക്കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ ചര്‍ച്ചയിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥത്തില്‍ അതാത് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പാണ് മദ്യനയത്തില്‍ തീരുമാനമുണ്ടാകാറുള്ളത്. ഇവിടെ ഇത്രയും നീണ്ടു പോയതു ബാറുടമകളില്‍ നിന്നുള്ള കോഴ കിട്ടാന്‍ വൈകിയതു കൊണ്ടാണെന്ന് സംശയിക്കണം. ബാറുടമകളുടെ നേതാവിന്‍റെ ശബ്ദസന്ദേശം ഈ സംശയം ബലപ്പെടുത്തുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറന്നു എന്നുമാത്രമല്ല യഥേഷ്ടം പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്തതിലൂടെ കേരളത്തിൽ യഥേഷ്ടം മദ്യലഭ്യത വർധിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ പിണറായി സർക്കാർ നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10