വധശ്രമ ഗൂഢാലോചനാ കേസ് റദ്ദാക്കണം; ദിലീപ് ഹൈക്കോടതിയില്‍ ഹർജി നല്‍കി
Jaihind TV News Report
Jaihind TV Web Desk
February 14, 2022
1 min read
•
Updated: June 10, 2026
കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് ഇതുവരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്നും ദിലീപ് ഹർജിയില്‍ ആരോപിക്കുന്നു. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി. സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്‍റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ. ബി രാമന്‍ പിള്ള മുഖേനയാണ് ഹർജി സമര്‍പ്പിച്ചത്. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ദിലീപ് വധഗൂഢാലോചന നടത്തിയതിന് താന്‍ സാക്ഷിയാണെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പ്രതികളുടെ നീക്കം തടയാന്‍ പരമാവധി തെളിവ് ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന കൊച്ചി എം.ജി റോഡിലെ ഫ്ലാറ്റിലും ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരാജിന്‍റെ വീട്ടിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. കേസില്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും അടക്കം അഞ്ച് പ്രതികള്‍ക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10