Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിരലുകള്‍ തല്ലിയൊടിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു; കൊല്ലത്ത് കള്ളക്കേസില്‍ കുടുക്കി സൈനികനും സഹോദരനും പോലീസിന്‍റെ ക്രൂര മർദ്ദനം

വിരലുകള്‍ തല്ലിയൊടിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു; കൊല്ലത്ത് കള്ളക്കേസില്‍ കുടുക്കി സൈനികനും സഹോദരനും പോലീസിന്‍റെ ക്രൂര മർദ്ദനം
കൊല്ലം: സൈനികനെയും സഹോദരനെയും വ്യാജ കേസ് ചുമത്തി കസ്റ്റഡിയിലെടുത്ത് കിളികൊല്ലൂർ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണമേഖലാ ഐജി നിര്‍ദേശം നല്‍കി. സ്‌റ്റേഷന്‍റെ ചുമതലകളില്‍ നിന്ന് സിഐയെ മാറ്റി. പോലീസ് ആസ്ഥാനത്ത് സിഐ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. സംഭവത്തില്‍ ആരോപണവിധേയരായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് സ്ഥലംമാറ്റാനും ഐജി നിര്‍ദേശം നല്‍കി. മൂന്ന് പേര്‍ക്കുമെതിരേ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. പോലീസുകാരനെ മർദ്ദിച്ചത് ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തിയ കേസുകൾ വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കഴിഞ്ഞദിവസം ഇവരെ മർദ്ദിച്ച സബ് ഇൻസ്പെക്ടര്‍ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സ്ഥലം മാറ്റിയത്. സംഭവത്തില്‍ ഡിജിപി റിപ്പോർട്ട് തേടിയിരുന്നു. ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മെറിന്‍ ജോസഫ് സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദ്ദനം സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പുതല അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയര്‍ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആര്‍ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റം ഒഴിച്ച് മറ്റൊരു നടപടിയും കുറ്റക്കാര്‍ക്കെതിരേ സ്വീകരിച്ചിട്ടില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് ഇവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റാന്‍ ദക്ഷിണമേഖലാ ഐജി നിര്‍ദേശിച്ചത്. കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയുമാണ് പോലീസ് കള്ളക്കേസില്‍ കുടുക്കി അതിക്രൂരമായി മർദിച്ചത്. എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാന്‍ വന്നവര്‍ പോലീസിനെ മര്‍ദിച്ചുവെന്നായിരുന്നു കേസ്‌. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിക്കുകയും കേസിൽ കുടുക്കുകയും ചെയ്തത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം. പൊലീസുകാരെ ആക്രമിച്ചുവെന്നു കാട്ടി കേസിൽ കുടുക്കിയതോടെ സൈനികനായ വിഷ്ണുവിന്‍റെ വിവാഹം മുടങ്ങുന്ന അവസ്ഥയിലാണ്. വിഘ്നേഷിന്‍റെ ജോലി പോകുകയും ചെയ്തു. വിഷ്ണു തിരികെ ജോലിയിൽ പ്രവേശിച്ചു. എസ്ഐ അനീഷ് ഉൾപ്പെടെ നാലുപേരെ സ്ഥലംമാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരാതിക്കാരനായ വിഘ്നേഷ് പോലീസിന്‍റെ മർദനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്റ്റേഷനിൽ തന്നെയുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസുകാരനാണ് വിഘ്നേഷിനെ വിളിച്ചുവരുത്തിയത്. അനന്തു എന്ന സുഹൃത്ത് കേസുമായി ബന്ധപ്പെട്ടു പിടിയിലായെന്നും ജാമ്യം കിട്ടുന്ന കേസാണെന്നും പറഞ്ഞാണ് വിളിച്ചത്. എന്നാൽ എംഡിഎംഎ കേസ് ആണെന്ന് സ്റ്റേഷനിൽ എത്തിയശേഷമാണ് പറയുന്നത്. പിഎസ്‌സി ലിസ്റ്റ് പ്രകാരം പോലീസിന്‍റെ റാങ്ക് പട്ടികയിൽ ഉള്ളയാളാണ് താനെന്നും കേസില്‍ ഇടപെടില്ലെന്നും അറിയിച്ച് വിഘ്നേഷ് പോകുകയായിരുന്നു. ജാമ്യത്തിൽ ഒപ്പിടില്ലെന്ന് പറഞ്ഞ് വിഘ്നേഷ് പുറത്തിറങ്ങിയതിന് പിന്നാലെയെത്തിയ പ്രകാശ് ചന്ദ്രൻ എന്ന പോലീസുകാരൻ വിഘ്നേഷിനോട് തട്ടിക്കയറി. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണു കാര്യം തിരക്കിയതോടെ പ്രകാശ് ചന്ദ്രന്‍ എന്ന പോലീസുകാരന്‍ വിഷ്ണുവിന്‍റെ ഷർട്ടിൽ പിടിച്ചുകൊണ്ട് സ്റ്റേഷന്‍റെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിഷ്ണുവിനെയും പിന്നാലെ എത്തിയ വിഘ്നേഷിനെയും പോലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രകാശ് ചന്ദ്രൻ എന്ന പൊലീസുകാരൻ മദ്യലഹരിയിൽ ആയിരുന്നെന്നാണ് യുവാക്കൾ ആരോപിക്കുന്നു. വെള്ളം ചോദിച്ച സഹോദരങ്ങളോടു മൂത്രം കുടിക്കാൻ പറഞ്ഞുവെന്നാണ് പരാതി. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരൻ നട്ടെല്ലിൽ ചവിട്ടി. ആരോപണവിധേയനായ സിഐക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയെന്ന കേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in