കുടുംബത്തിന്റെ നട്ടെല്ലാണ് അമ്മമാർ. എന്നാൽ പലപ്പോഴും ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവർ നിസ്സാരമായി തള്ളിക്കളയുകയാണ് പതിവ്. രോഗങ്ങൾ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും പതിവായുള്ള ആരോഗ്യ പരിശോധനകൾ അത്യന്താപേക്ഷിതമാണ്.35 വയസ്സിന് ശേഷം സ്ത്രീകൾ പ്രായമോ നിലവിലെ ആരോഗ്യസ്ഥിതിയോ നോക്കാതെ തന്നെ സ്ത്രീകൾ ചില പരിശോധനകൾ കൃത്യമായി ചെയ്തിരിക്കണം.
പ്രധാന പരിശോധനകൾ ഇവയാണ്:
- ഹൃദയാരോഗ്യം: രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കൃത്യമായി പരിശോധിക്കണം. സ്ത്രീകളിലെ മരണനിരക്കിന് പ്രധാന കാരണം ഹൃദ്രോഗമാണെന്നിരിക്കെ, കുടുംബ ചരിത്രമുള്ളവർ വർഷം തോറും ഈ പരിശോധനകൾ നടത്തണം.
- പ്രമേഹം: ജീവിതശൈലീ രോഗമായ പ്രമേഹം തിരിച്ചറിയാൻ വർഷത്തിൽ ഒരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം.
- സ്തനാർബുദ നിർണ്ണയം: 40 വയസ്സിന് മുകളിലുള്ളവർ മാമോഗ്രാം പരിശോധന നടത്തുന്നത് ഉചിതമാണ്. കൂടാതെ മാസം തോറുമുള്ള സ്വയം പരിശോധനയും ശീലമാക്കണം.
- സെർവിക്കൽ കാൻസർ: പാപ്‌സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ വഴി ഗർഭാശയ ഗള കാൻസർ തുടക്കത്തിലേ കണ്ടെത്താം. 21 വയസ്സു മുതൽ 3 വർഷം കൂടുമ്പോൾ ഈ പരിശോധന നടത്തുന്നത് സുരക്ഷിതമാണ്.
- തൈറോയ്ഡ് & ഹീമോഗ്ലോബിൻ: ക്ഷീണം, ഭാര വ്യത്യാസം എന്നിവയുള്ളവർ ഹോർമോൺ നിലയും അനീമിയ കണ്ടെത്താൻ ഹീമോഗ്ലോബിൻ പരിശോധനയും നടത്തണം.
- എല്ലുകളുടെ ആരോഗ്യം: ആർത്തവ വിരാമത്തിന് ശേഷം ഓസ്റ്റീയോ പോറോസിസ് സാധ്യത കൂടുതലായതിനാൽ 'ബോൺ ഡെൻസിറ്റി സ്കാൻ' ചെയ്യുന്നത് എല്ലുകളുടെ ബലം തിരിച്ചറിയാൻ സഹായിക്കും.
ഇവ കൂടാതെ കണ്ണ്, പല്ല് എന്നിവയുടെ ആരോഗ്യവും ലൈംഗികാരോഗ്യ പരിശോധനകളും (STD Test) കൃത്യമായ ഇടവേളകളിൽ നടത്തേണ്ടത് അത്യാവശ്യമാണ്.