ഒറ്റ ചാർജില്‍ 526 കിലോമീറ്റർ റേഞ്ച് മറികടക്കുന്ന ചെറു ഇലക്ട്രിക് എസ്യുവി സിറോസ് ഇവിയുമായി കിയ. എസ്‌യുവി ലുക്കും അത്യാധുനിക ഇവി സാങ്കേതികവിദ്യകളും മികച്ച സുരക്ഷാ ഫീച്ചറുകളും ഒത്തുചേരുന്നതാണ് കിയ അവതരിപ്പിക്കുന്ന പുതിയ മോഡല്‍. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ‘റേഞ്ചർ’ ആണിത്.
സിറോസ് ഇവി വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കിയ ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഡീലർഷിപ്പുകളിലൂടെയും മുൻകൂട്ടി ബുക്ക് ചെയ്യാം. ഒറ്റ ചാർജിൽ 526 കിലോമീറ്ററാണ് സിറോസിന്‍റെ റേഞ്ച്. ആകർഷകമായ റേഞ്ചിനൊപ്പം സാങ്കേതികവിദ്യയും സുരക്ഷാസംവിധാനങ്ങളും കൂടി സമന്വയിപ്പിച്ചിരിക്കുന്നതാണ് സിറോസിലേക്ക് ഉപഭോക്താക്കളെ കൂടുതല്‍ ആകർഷിക്കുന്നത്.
ബാറ്ററി
ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ലിക്വിഡ്-കൂൾഡ് തെർമൽ മാനേജ്‌മെന്‍റ് സിസ്റ്റമുള്ള IP67 സർട്ടിഫൈഡ് ബാറ്ററിയാണ് സൈറോസിന് കരുത്തേകുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. 51.4 kWh ബാറ്ററി ഒറ്റ ചാർജിൽ 526 കിലോമീറ്റർ റേഞ്ചും 42 kWh ബാറ്ററി ഒറ്റ ചാർജിൽ 443 കിലോമീറ്റർ റേഞ്ചും നല്‍കും. അതിവേഗ ചാര്‍ജിംഗില്‍ ബാറ്ററിയുടെ താപനില ക്രമീകരിക്കുന്ന 'ബാറ്ററി കണ്ടീഷനിംഗ്’ ഫീച്ചർ കിയ അവതരിപ്പിക്കുന്നു. വെറും 39 മിനിറ്റിനുള്ളിൽ ബാറ്ററി 80% വരെ ചാർജ് ചെയ്യാം. സൈറോസ് ഇവിക്ക് ലൈഫ് ടൈം ഹൈ വോൾട്ടേജ് ബാറ്ററി വാറന്‍റിയും മികച്ച റീസെയിൽ വാല്യൂ ഉറപ്പാക്കുന്ന 'അഷ്വേർഡ് ബൈബാക്ക്' പദ്ധതിയും കിയ ഒരുക്കിയിട്ടുണ്ട്.
വേഗത
51.4 kWh ബാറ്ററി പാക്കില്‍ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാന്‍ വെറും 8.1 സെക്കൻഡുകൾ മതി. ഡിജിറ്റൽ കീ, വിർച്വൽ എൻജിൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. ലുക്ക്&ഡിസൈൻ സിഗ്നേച്ചർ ഡിജിറ്റൽ ടൈഗർ ഫേസ്, എൽഇഡി ഫോഗ് ലാമ്പുകൾ, ഇൻറഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകൾ, പിന്നിൽ സ്റ്റാർ മാപ്പ് എൽഇഡി ടെയിൽ ലാമ്പുകൾ, ഐസ് ക്യൂബ് എംഎഫ്ആർ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ സൈറോസിന് വേറിട്ട ലുക്ക് നല്‍കുന്നു
കാബിൻ
30 ഇഞ്ച് (76.20 സെ.മീ) ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ പാനല്‍ കാബിന്‍റെ ഉള്‍വശം ആകർഷകമാക്കുന്നുണ്ട്. സെഗ്മെന്‍റിലെ വിശാലമായ പാനലാണിത്. 12.3 ഇഞ്ച് എച്ച്ഡി ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ, 12.3 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീൻ നാവിഗേഷൻ, 5 ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ ഇന്‍റർഫേസ് എന്നിവ ഇതിലുണ്ട്. സണ്‍ റൂഫ്, സ്പ്ലിറ്റ് റിയർ സീറ്റുകള്‍, കളർ ആംബിയന്‍റ് ലൈറ്റിംഗ്, ഡ്യുവൽ ക്യാമറയുള്ള സ്മാർട്ട് ഡാഷ് കാം, 100W ഫ്രണ്ട് യുഎസ്ബി സി ചാർജർ, കിയ കണക്റ്റ് 2.0, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, 8 സ്പീക്കര് സംവിധാനമുള്ള ഹർമൻ കാർഡൻ പ്രീമിയം സൗണ്ട് സിസ്റ്റം, സ്മാർട്ട്‌ഫോൺ വയർലെസ് ചാർജർ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കളർ ഓപ്ഷന്‍
ആകർഷകമായ നിറങ്ങളില്‍ സൈറോസ് ഇവി ലഭ്യമാകും. ഗ്ലേസിയർ വൈറ്റ് പേൾ, ഫ്രോസ്റ്റ് ബ്ലൂ, ഗ്രാവിറ്റി ഗ്രേ, പ്യൂട്ടർ ഒലിവ്, മാഗ്മ റെഡ്, എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ്, അറോറ ബ്ലാക്ക് പേൾ തുടങ്ങിയ നിറങ്ങളില്‍ വാഹനം ലഭിക്കും. ക്ലൗഡ് ബ്ലൂ & ഗ്രേ ഉള്‍പ്പെടെയുള്ള ഇന്‍റീരിയർ തീമുകളും സൈറസിനായി ഒരുക്കിയിട്ടുണ്ട്.
സുരക്ഷ
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ തന്നെയാണ് സിറോസ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ ഇവിയുടെ ഉയര്‍ന്ന എക്സ്-ലൈന്‍ വേരിയന്‍റില്‍ 16 ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ലെവല്‍ 2 ADAS ലഭ്യമാക്കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ ക്യാമറ ഡാഷ്‌കാം എന്നിവ സിറോസിലുണ്ട്.