Logo
Sun, Jun 21, 2026 • 02:20 PM
LIVE TV
Watch

No business videos available

No Middle East videos available

ധനപ്രതിസന്ധിയെ മറികടക്കാന്‍ 'പുതുയുഗ കേരളം'; വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2026
1 min read Updated: June 21, 2026
SHARE:
SAVE: Login to save

ധനപ്രതിസന്ധിയെ മറികടക്കാന്‍ 'പുതുയുഗ കേരളം'; വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്

കഴിഞ്ഞ ഭരണകൂടത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ വ്യാജ കണക്കുകളും തിരുത്തിക്കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ സംസ്ഥാന ബജറ്റ് നിയമസഭയിൽ സമർപ്പിച്ചത്. കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ ഉൾപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബജറ്റ് ആമുഖത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പാളിച്ചകൾ കാരണം സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് നിലവിലുള്ളത്. കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേൽ നിലവിലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ പുനഃസ്ഥാപിക്കലും കൂടി നടപ്പാക്കേണ്ടി വരുന്നതോടെ ഈ ബാധ്യത ഇനിയും വർദ്ധിക്കും. കടുത്ത ആഭ്യന്തര പ്രതിസന്ധിയുടെയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ ആഗോള സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാൽ, കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് നിലവിൽ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന സവിശേഷമായ ഒരു ഡെമോഗ്രാഫിക് മാറ്റം ദൃശ്യമാണ്. ഈ സാഹചര്യത്തിൽ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൃത്യമായ കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രതിസന്ധികൾക്കിടയിലും യുഡിഎഫിന്റെ വാഗ്ദാനമായ 'ഇന്ദിര ഗ്യാരന്റി'യിലെ രണ്ട് പ്രധാന ഗ്യാരണ്ടികളും (സ്ത്രീകളുടെ സൗജന്യ യാത്രയും ആശാ വർക്കർമാരുടെ ആനുകൂല്യവും) സർക്കാർ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിച്ച് അത് ജനങ്ങളിലേക്ക് നീതിപൂർവ്വകമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ഇതിനായി 2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിക്കുകയും, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.


ബജറ്റിന്റെ പൂര്‍ണരൂപം:


അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക പദ്ധതികളും

കേരളത്തെ അന്താരാഷ്ട്ര തുറമുഖ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള 'മിഷൻ സമുദ്ര' പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. ഇതിലൂടെയുണ്ടാകുന്ന വൻ തൊഴിലവസരങ്ങളിൽ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 'സതേൺ കേരളാ ഇക്കണോമിക് കോറിഡോറും', സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന 'ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബും' സ്ഥാപിക്കും. നിക്ഷേപകർക്ക് ഭൂമിയും അനായാസ അനുമതികളും നൽകാൻ 'ഇൻവെസ്റ്റ് കേരളം സെൽ', പതിനായിരത്തോളം പുതിയ സംരംഭങ്ങൾക്ക് സഹായമേകാൻ 'കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം', ലോകോത്തര നിലവാരത്തിലുള്ള 'സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ' എന്നിവയും ബജറ്റിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം പ്രവാസികളുടെ പങ്കാളിത്തത്തോടെ 'പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ടും' രൂപീകരിക്കും. പെർമാലിങ്കിൽ പഴയ ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്ന പുതിയ 'ലാന്റ് മാനേജ്‌മെന്റ് നയവും' പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബും സ്വർണ്ണ വിനിമയ കേന്ദ്രവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കാർഷിക, ക്ഷീര, തീരദേശ മേഖലകൾക്ക് കരുതലോടെ യുഡിഎഫ്

കർഷക ലക്ഷങ്ങൾക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായി യുഡിഎഫ് സർക്കാർ ഉയർത്തി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപ്പാദനം ഒരു കോടി ലിറ്ററായി ഉയർത്താൻ ക്ഷീരവികസന മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകും. മത്സ്യത്തൊഴിലാളികൾക്കായി 'ഫിഷറീസ് സബ് പ്ലാൻ' ആവിഷ്‌കരിക്കുകയും, മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തുകയും ചെയ്യും. തീരദേശവാസികൾക്ക് അപകട ഇൻഷുറൻസ് പുതുക്കി നൽകുന്നതിനൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് 'ഷീ സ്കൂട്ടറുകളും' അനുവദിക്കും. എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കാനും മുതലപ്പൊഴി ഹാർബറിന്റെ അപാകതകൾ പരിഹരിക്കാനും ബജറ്റ് തുക വകയിരുത്തിയിട്ടുണ്ട്. വനിതാ കർഷക വികസനത്തിനായി 'കൃഷി സഖി' പദ്ധതിയും മലയോര മേഖലയിൽ ബഹുവിള കൃഷി രീതിയും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക നയങ്ങളും ബജറ്റിന്റെ സവിശേഷതയാണ്.

ഉന്നതവിദ്യഭ്യാസവും ക്യാമ്പസ് സുരക്ഷയ്ക്കായുള്ള 'സിദ്ധാർത്ഥ്' ആപ്പും

വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉൾപ്പെടെ ആകർഷിച്ചു കേരളത്തെ ഉന്നതവിദ്യഭ്യാസ ലക്ഷ്യസ്ഥാനമാക്കാൻ 'കേരള നോളജ് വാലി' പദ്ധതി കൊണ്ടുവരും. ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാൻ 'വയനാട് ട്രൈബൽ സർവകലാശാല' ആരംഭിക്കും. മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയെക്കുറിച്ച് പഠിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സ്ഥാപിക്കും. ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഭീകരതയുടെ ഇരയായി പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ സ്മരണാർത്ഥം റാഗിങ് തടയാനായി 'Sidharthan Student Distress App'-ഉം വിദ്യാർത്ഥി ക്ഷേമത്തിനായി 'Sidharthan Anti Ragging & Student Welfare Act'-ഉം നടപ്പാക്കും. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും. സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകിയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുകയും, റിസർച്ച് സംവിധാനങ്ങൾ ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കുകയും ചെയ്യും.

ആരോഗ്യവും സാമൂഹിക സുരക്ഷയും: 'ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി'

അന്തരിച്ച ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി'ക്ക് സർക്കാർ തുടക്കം കുറിക്കുകയാണ്. കേരളത്തെ പ്രമുഖ മെഡിക്കൽ ഡെസ്റ്റിനേഷനാക്കാൻ 'കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി' സ്ഥാപിക്കും. മുൻ സർക്കാർ അവഗണിച്ച കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുകയും, തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനൊപ്പം കാരുണ്യ പദ്ധതിയിലെ കുടിശ്ശികകൾ തീർക്കും. ആദിവാസി മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും. എസ്.എം.എ അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ഉറപ്പാക്കുന്നതിനൊപ്പം ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പും ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നൽകും. വയോജന സംരക്ഷണത്തിനായി 'സിൽവർ ഇക്കോണമി' പദ്ധതിയും സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് വേതന സഹായവും (Income support scheme) ഉറപ്പാക്കും. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളെ സർക്കാർ പൂർണ്ണമായി ഏറ്റെടുക്കും.

ടൂറിസത്തിന് വ്യവസായ പദവിയും സാംസ്കാരിക സ്മാരകങ്ങളും

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വൻ ഉണർവേകാൻ ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കുകയും തോട്ടം മേഖലയിലെ നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്യും. പ്രമുഖ ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് 'തീർത്ഥാടന ടൂറിസം സർക്യൂട്ട്', ചരിത്രം വിളിച്ചോതുന്ന 'അന്തർദേശീയ മാരിടൈം മ്യൂസിയം' എന്നിവ സ്ഥാപിക്കും. കൊച്ചിയിൽ 'ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി' (ചിത്രനഗരം) സ്ഥാപിച്ച് സിനിമയ്ക്കും വ്യവസായ പദവി നൽകും. കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും, തൃശ്ശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ അത്യാധുനിക മ്യൂസിക് അക്കാദമിയും സ്ഥാപിക്കും. കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമിയും, ആർട്ടിസ്റ്റ് നമ്പൂതിരി സാംസ്കാരിക കേന്ദ്രവും, എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകവും, ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും ഒരുക്കും. കൂടാതെ മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയവും 'ബ്രാൻഡ് കേരളം' വഴി തനത് ഉൽപ്പന്നങ്ങളുടെ ആഗോള വിപണനവും ഉറപ്പാക്കും.

ക്രമസമാധാനം, സുരക്ഷ, പ്രാദേശിക വികസന പാക്കേജുകൾ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി 'മകൾക്കൊപ്പം' പദ്ധതി നടപ്പാക്കും. ലഹരി മാഫിയയെ തകർക്കാൻ എല്ലാ എക്‌സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമാക്കുകയും 'ഓപ്പറേഷൻ തൂഫാൻ' വ്യാപിപ്പിക്കുകയും ചെയ്യും. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ അത്യാധുനിക സംവിധാനങ്ങളോടെ 'കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ' സ്ഥാപിക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. 2050-ഓടു കൂടി കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനും ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കാനും പദ്ധതിയുണ്ട്. പട്ടികജാതി മേഖലയ്ക്ക് 527.68 കോടിയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടിയും അധികമായി അനുവദിച്ചു. ഈ തുക സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിയമം നിർമ്മിക്കും. സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ മുടക്കം കൂടാതെ നൽകുകയും മെഡിസെപ് പരിഷ്‌ക്കരിക്കുകയും ചെയ്യും. ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി പ്രത്യേക 'വിലങ്ങാട് പാക്കേജും', വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക വികസന പാക്കേജുകളും ഊർജ്ജിതമായി നടപ്പാക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10