Logo
Sat, Jun 13, 2026 • 11:52 PM
LIVE TV
Watch

No business videos available

No Middle East videos available

DR. HARIS CHIRACKAL| 'ചികിത്സയ്ക്ക ആവശ്യമായ ഉപകരണങ്ങളില്ല; പരിഹരിക്കാന്‍ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കു താത്പര്യവുമില്ല'- ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

DR. HARIS CHIRACKAL| 'ചികിത്സയ്ക്ക ആവശ്യമായ ഉപകരണങ്ങളില്ല; പരിഹരിക്കാന്‍ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കു താത്പര്യവുമില്ല'- ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവി ഹാരിസ് ചിറയ്ക്കല്‍ തന്റെ നിസ്സഹായ അവസ്ഥ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിയ്ക്കുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ് മൂലം നിരവധി ഓപ്പറേഷനുകള്‍ മാറ്റി വയക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഉപകരങ്ങളുടെ ക്ഷാമമുണ്ടെങ്കിലും അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സത്യങ്ങള്‍ പുറത്തു പറയുന്നതിനാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്‌തേക്കാം. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ച് വിട്ടാലും കുഴപ്പമില്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്‌ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയും. ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയും ആണ് തോന്നുന്നത്. ഇതുപോലെ എത്രയോ പേര്‍. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവര്‍, കൂടെ ഇരിക്കാന്‍ ബന്ധുക്കള്‍ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിര്‍ത്തുന്നവര്‍, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിര്‍ത്തി ലോണ്‍ എടുത്തും ചികിത്സയ്ക്ക് വരുന്നവര്‍, ബന്ധുക്കള്‍ അനാഥാലയങ്ങളില്‍ തള്ളിയവര്‍, ലോട്ടറി കച്ചവടം ചെയ്തും വഴിയില്‍ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേര്‍. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാന്‍ മെഡിക്കല്‍ കോളേജില്‍ കാണുന്നത്. അവര്‍ക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നല്‍കാന്‍ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും രാപ്പകല്‍ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുന്നു. പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസില്‍ വരുന്നു.   ഇന്നലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:   കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത ഒരു സര്‍ക്കാര്‍ ഡോക്ടറുടെ ജിവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല. ഔദ്യോഗിക ജീവിതത്തില്‍ ഇന്നുവരെ ഒരു രൂപ ഞാന്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഞാന്‍ ഇത് എഴുതുന്നത്. ഇന്നുവരെ ഒരു സ്‌കാനിങ് സെന്ററില്‍ നിന്നോ സ്വകാര്യ ലാബില്‍ നിന്നോ ഒരു രൂപ കമ്മീഷന്‍ വാങ്ങിയിട്ടില്ല. ശരിയല്ലെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഇവിടെ എഴുതാം. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കല്‍ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല. ലോഡ്ജുകളിലും വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും ഒറ്റയ്ക്ക് പാചകം ചെയത് വളരെ പരിമിതമായ സാഹചര്യങ്ങള്‍ സഹിച്ചാണ് 1997 മുതല്‍ ജോലി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതു ജനങ്ങളുടെ ചിലവില്‍ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനം. ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ, വിദേശ ജോലികള്‍ സ്വീകരിച്ച് വലിയ സമ്പന്നര്‍ ആയപ്പോള്‍ ഞാന്‍ ഇന്നും വളരെ സാധാരണക്കാരനായി ജീവിക്കുന്നു. പണം സമ്പാദിച്ചില്ല എന്ന് യാതൊരു വിഷമവും ഇല്ല. ഇന്നും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രാപ്പകല്‍ ഓടി നടന്ന് ജോലി ചെയ്യുന്ന കാര്യം ആശുപത്രിയില്‍ വന്നിട്ടുള്ള എല്ലാ രോഗികള്‍ക്കും അറിയാം. പരിമിതികള്‍ കൊണ്ട് വീര്‍പ്പു മുട്ടുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്കാറുണ്ട്. രോഗികളോടോ സഹപ്രവര്‍ത്തകരോടോ മറ്റോ. നിയന്ത്രണം വിട്ടു പോകുമ്പോള്‍ ചെയ്യുന്നതാണ്. മനപ്പൂര്‍വം ചെയ്യുന്നതല്ല എങ്കിലും അതൊരു തെറ്റാണ്. അത് മാത്രമാണ് എന്റെ ഭാഗത്തു നിന്ന് വരുന്ന ഒരേയൊരു തെറ്റ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുമ്പോള്‍ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോള്‍ രാവിലെ നാലു മണിയുടെ ബസ്.... ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഒപി താമസിക്കരുത്, ധാരാളം ജനങ്ങള്‍ എന്നെ കാത്തുനില്‍പ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകള്‍ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാന്‍ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അമ്മയുടെ മരണത്തിനോട് അനുബന്ധിച്ച് വന്‍ സാമ്പത്തിക പരാധീനതയില്‍ ആയിപോയ ഒരു സമയത്ത് കുറച്ച് കാലം വിദേശത്തു പോയി ജോലി ചെയ്യേണ്ടി വന്നു. ഈ 56 വയസ്സിലും വര്‍ഷത്തില്‍ 360 ദിവസം ആണ് കഴിഞ്ഞ വര്‍ഷം ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്തത്. സപ്പോര്‍ട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്‌തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുതന്നെയാണ് നല്ലത്. ഡിപ്പാര്‍ട്‌മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ ഞാനില്ല. പിരിച്ച് വിട്ടോട്ടെ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10