Logo
Fri, Jun 12, 2026 • 08:39 PM
LIVE TV
Watch

No business videos available

No Middle East videos available

പേരാവൂരിന്റെ സ്വന്തം സണ്ണി ജോസഫ്: ലളിതമായ ചിരി, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

പേരാവൂരിന്റെ സ്വന്തം സണ്ണി ജോസഫ്: ലളിതമായ ചിരി, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ

മലയോര ജനതയുടെയും കണ്ണൂരിന്റെയും കരുത്തുറ്റ പ്രതിനിധിയായാണ് പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധേയനാകുന്നത്. കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് ജനങ്ങൾക്കിടയിൽ നിന്ന് വളർന്നുവന്ന അദ്ദേഹം, പേരാവൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായ നാലാം ഊഴത്തിലാണ് ഇപ്പോൾ നിയമസഭയിലെത്തി നിൽക്കുന്നത്. ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന ജനപ്രിയ നേതാവെന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്.

കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫ് - റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനായാണ് സണ്ണി ജോസഫിന്റെ ജനനം. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ഡിഗ്രിയും, കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി. കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന് കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധി, ഇരിക്കൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കണ്ണൂർ ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്നീ നിർണായക പദവികൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.

നിയമസഭയിലും പൊതുവേദികളിലും വിദ്യാഭ്യാസം, ആരോഗ്യ മേഖല, റോഡ് വികസനം എന്നിവയ്ക്കായി അദ്ദേഹം ശക്തമായി വാദിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ശബ്ദം ഏറ്റവും കൂടുതൽ മുഴങ്ങിയത് മലയോരത്തെ സാധാരണക്കാരായ കർഷകർക്ക് വേണ്ടിയായിരുന്നു. രാഷ്ട്രീയത്തിന് പുറമെ ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകാലം ഇരിട്ടി താലൂക്ക് രൂപീകരണ കമ്മിറ്റി ചെയർമാനായിരുന്ന സണ്ണി ജോസഫ് എം.എൽ.എ ആയതിന് ശേഷമാണ് ഇരിട്ടി ആസ്ഥാനമാക്കി മലയോര താലൂക്ക് യാഥാർത്ഥ്യമായത് എന്നതും അദ്ദേഹത്തിന്റെ വികസന നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ്.

മട്ടന്നൂർ, കണ്ണൂർ, തലശേരി കോടതികളിൽ അഭിഭാഷകനായും മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റായും തിളങ്ങിയ അദ്ദേഹം നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയർമാനായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയെ പരാജയപ്പെടുത്തി പേരാവൂർ മണ്ഡലം യു.ഡി.എഫിനൊപ്പം നിർത്തിയത് സണ്ണി ജോസഫിന്റെ വ്യക്തിപരമായ ജനസ്വാധീനം കൊണ്ട് മാത്രമാണ്. ലളിതമായ ചിരിയും എന്നാൽ ജനകീയ വിഷയങ്ങളിൽ കർശനമായ നിലപാടുകളുമുള്ള അദ്ദേഹം ജനങ്ങളോട് എപ്പോഴും അടുത്ത ബന്ധം പുലർത്തുന്നു. എൽസിയാണ് ഭാര്യ. ആശ റോസ്, ഡോ. അഞ്ജു റോസ് എന്നിവരാണ് മക്കൾ. തങ്ങളുടെ പ്രിയപ്പെട്ട സണ്ണി വക്കീൽ ഇനിയും വലിയ ഉയരങ്ങളിലെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് മലയോര ജനതയും കേരളക്കരയും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10