Logo
Fri, Jun 12, 2026 • 08:42 PM
LIVE TV
Watch

No business videos available

No Middle East videos available

'അക്കൗണ്ട് പൂട്ടിയില്ലെങ്കില്‍ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി; ആശങ്കയില്‍ കുടുംബം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 22, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'അക്കൗണ്ട് പൂട്ടിയില്ലെങ്കില്‍ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി; ആശങ്കയില്‍ കുടുംബം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന ആക്ഷേപഹാസ്യ അക്കൗണ്ടിന്റെ സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് നേരെ കടുത്ത വധഭീഷണി. തന്റെ പേജുകള്‍ ഉടനടി പൂട്ടുകയോ ബിജെപിയില്‍ ചേരുകയോ ചെയ്യാത്തപക്ഷം വകവരുത്തുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ അഭിജിത് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അതേസമയം, ഈ അക്കൗണ്ടുകള്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കി. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അഭിജിത് ദീപ്‌കെ തനിക്കുനേരെയുള്ള ഭീഷണികള്‍ വെളിപ്പെടുത്തിയത്. അക്കൗണ്ടുകള്‍ പൂട്ടിയാല്‍ വലിയ തുക പണം നല്‍കാമെന്നും, അല്ലെങ്കില്‍ ബിജെപിയില്‍ ചേരണമെന്നും, ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലുമെന്നുമാണ് സന്ദേശങ്ങളിലെ ഉള്ളടക്കം. ഈ നീക്കം ആരംഭിച്ചതിന് ശേഷം ഫോണ്‍ വഴിയും അക്കൗണ്ടുകള്‍ വഴിയും നിരന്തരം ഭീഷണി സന്ദേശങ്ങളും വീഡിയോകളും വരുന്നുണ്ടെന്ന് മധ്യപ്രദേശ് സ്വദേശിയും നിലവില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ അഭിജിത് വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ മകന്റെ സുരക്ഷയോര്‍ത്ത് കടുത്ത ആശങ്കയിലാണെന്നും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും രക്ഷിതാക്കളായ ഭഗവാനും അനിത ദീപ്‌കെയും പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢമായ ഇടപെടലുകള്‍ ഈ അക്കൗണ്ടുകള്‍ക്ക് പിന്നിലുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ സൂചന. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം അക്കൗണ്ട് വിലക്കാന്‍ എക്‌സിന് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഒരു കോടി അറുപത് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉടന്‍ തടഞ്ഞേക്കുമെന്നാണ് വിവരങ്ങള്‍. എന്നാല്‍, എക്‌സ് അക്കൗണ്ട് വിലക്കിയതിന് തൊട്ടുപിന്നാലെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ ആരംഭിച്ച പുതിയ ഹാന്‍ഡിലിന് മണിക്കൂറുകള്‍ക്കകം ഒന്നര ലക്ഷത്തിലധികം വരിക്കാരെ ലഭിച്ചു. ഈ പുതിയ ഹാന്‍ഡില്‍ വഴി കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന വലിയൊരു ക്യാമ്പയിനും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

വിഷയത്തില്‍ കടുത്ത പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അരാജകത്വം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി വക്താക്കള്‍ പ്രതികരിച്ചു. ഈ ആക്ഷേപഹാസ്യ പാര്‍ട്ടിയുടെയും അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം പെട്ടെന്നുണ്ടായതല്ലെന്നും, ഇതിന് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കിയത്. സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10