ഭാര്യയുടെ യാത്രാചെലവ് : പി.എസ്.സി ചെയർമാന്‍റെ ആവശ്യം സർക്കാർ തള്ളി

Jaihind Webdesk
Tuesday, May 14, 2019

ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവ് വഹിക്കണമെന്ന പി.എസ്.സി ചെയർമാന്‍റെ ആവശ്യം സർക്കാർ തള്ളി. സംസ്ഥാന പൊതുഭരണ വകുപ്പാണ് ചെയർമാന്‍റെ ആവശ്യം തള്ളിയത്.

മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പി.എസ്.സി ചെയര്‍മാന് നല്‍കാനാവില്ലെന്ന് പൊതുഭരണവകുപ്പ് നിലപാട് എടുത്തതോടെയാണ് പി.എസ്.സി ചെയർമാന്‍റെ ആവശ്യം നിരസിക്കപ്പെട്ടത്. ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ പൊതുഭരണ വകുപ്പ് അറിയിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് പൊതുഭരണ വകുപ്പിന്‍റെ നിലപാട്. ഇക്കാര്യം രേഖപ്പെടുത്തി ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറാണ് പൊതുഭരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

ഔദ്യോഗിക യാത്രകളിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഏപ്രില്‍ 30 നാണ് ഫയലില്‍ കുറിച്ചത്. ചെയര്‍മാന്‍റെ ആവശ്യം പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിന് കൈമാറുകയായിരുന്നു. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ചെയര്‍മാന്‍റെ പുതിയ ആവശ്യം. അതേസമയം ചട്ടം ലംഘിച്ച് എം.കെ. സക്കീര്‍ രണ്ട് ഔദ്യോഗികവാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണമുയര്‍ന്നു.

ചെയര്‍മാന്‍ ചട്ടം ലംഘിച്ച് തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. എന്നാല്‍ രണ്ടു കാറുകള്‍ ഉപയോഗിച്ചാലും കഴിഞ്ഞതവണത്തെ ചെയര്‍മാന്‍റെ ഒരു മാസത്തെ ചെലവുമായി താരതമ്യപെടുത്തുമ്പോള്‍ കുറവാണെന്നാണ് ചെയ്ര്‍മാന്‍റെ ഓഫീസിന്‍റെ വിശദീകരണം.