പി.എസ്.സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച് പോലീസ് അന്വേഷണം വേണമെന്ന് ചെയർമാൻ

Jaihind News Bureau
Tuesday, August 6, 2019

പി.എസ്.സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച് പോലീസ് അന്വേഷണം വേണമെന്ന് പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ. ക്രമക്കേടിൽ പി.എസ്.സി ക്ക് പിഴവ് പറ്റിയെന്ന് സമ്മതിക്കാതെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു പി.എസ്.സി ചെയർമാൻ.

പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടന്നോ എന്ന് വിലയിരുത്താൻ ഇന്‍റേണൽ വിജിലൻസിനെ പി.എസ്.സി. നിയോഗിച്ചിരുന്നു . വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ശിവരജ്ഞിത്തിന്‍റെയും പ്രണവിന്‍റെയും ഫോണിലേക്ക് പരീക്ഷ ദിവസം 2 മണിക്കും 3 മണിക്കും ഇടയ്ക്ക് 80 ൽ പരം മെസേജുകൾ വന്നതായി തെളിഞ്ഞിട്ടുണ്ട്. മെസേജുകൾ സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷിക്കണമെന്നാണ് പി.എസ്.സി ആവശ്യപ്പെടുന്നത്. ചെറിയ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ക്രമക്കേട് നടത്തിയാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് പി.എസ്.സി യുടെ ന്യായീകരണം.

കമ്മീഷൻ അംഗങ്ങൾ അനുചിതമായി അന്വേഷണത്തിൽ ഇടപെട്ടുവെന്ന് തെളിഞ്ഞാൽ പി.എസ്.സി നടപടി എടുക്കുമെന്നും ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. 2018 ജൂലൈ 22 ന് നടന്ന 7 പരീക്ഷകളുടെ എല്ലാ റാങ്ക് പട്ടികളിലും ആദ്യത്തെ 100 പേരുടെ അന്നേ ദിവസത്തെ ഫോൺ കോളുകളും മെസേജുകളും പരിശോധിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. അതേസമയം ഈ പരിശോധനയ്ക്ക് ശേഷം മാത്രമേ റാങ്ക് പട്ടികകൾ റദ്ദാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളു .