കോഴിക്കോട് ഐസിയു പീഡനക്കേസ്; സമരം പുനഃരാരംഭിച്ച് അതിജീവിത

Jaihind Webdesk
Monday, April 29, 2024

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനഃരാരംഭിച്ചു.  കമ്മീഷണർ ഓഫീസിന് മുന്നിലാണ് സമരം പുനഃരാരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഐജി നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു കമ്മീഷണർ ഓഫീസിന് മുന്നിലെ സമരം താത്കാലികമായി അതിജീവിത അവസാനിപ്പിച്ചത്.

എന്നാൽ നടപടികൾ വൈകിയതോടെയാണ് സമരം വീണ്ടും പുനഃരാരംഭിച്ചത്. മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലിരിക്കവെ യുവതി  പീഡനത്തിനിരയായത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെയും സസ്പന്‍ഡ് ചെയ്തു. എന്നാല്‍ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.  തുടര്‍ന്ന് നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ്  അതിജീവിത കോടതിയെ സമീപിച്ചു. പിന്നീട് ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അതിജീവിതയെ മൊഴി നല്‍കുന്നതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

അതേസമയം അതിജീവിതയെ പിന്തുണച്ച് മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റി. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറായ അനിതയെ  തിരിച്ചെടുത്തു. സംഭവത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ട് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിയെക്കുറിച്ച്  അന്വേഷിക്കാനും വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാനും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വരെയും അതിജീവിതയ്ക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് അതിജീവിത വീണ്ടും സമരം പുനഃരാരംഭിച്ചത്.