പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന; ലുക്കൗട്ട് നോട്ടീസ്

Jaihind Webdesk
Wednesday, May 15, 2024

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടതായി സൂചന. ബംഗളുരു വഴി വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. രാഹുലിന്‍റെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ്  ആണ്. ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഫറോക്ക് എസിപി സാജു കെ. എബ്രഹാമിന്‍റെ നേതൃത്വത്തിൽ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.

സ്ത്രീധന തര്‍ക്കത്തെ തുടർന്നായിരുന്നു മകള്‍ക്ക് ക്രൂര മർദ്ദനം ഏല്‍ക്കേണ്ടിവന്നതെന്ന് വീട്ടുകാർ പറയുന്നു. 150 പവനും കാറിനും വേണ്ടിയാണ് രാഹുൽ മർദ്ദിച്ചതെന്നും മൊബൈൽ ഫോണിന്‍റെ ചാർജർ കേബിൾ കഴുത്തിൽ കുരുക്കി വധിക്കാൻ ശ്രമിച്ചെന്നും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞു നോക്കിയില്ലെന്നും യുവതി പറഞ്ഞു. രാഹുല്‍ തന്‍റെ വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും വീട്ടിൽ നിന്നു വിളിച്ചാലും ഫോണെടുക്കുന്നത്‌ രാഹുലാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. കേസെടുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നും ഇവർക്കെതിരെ നടപടി വേണമെന്നും യുവതിയുടെ അച്ഛൻ ഹരിദാസൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനാണെന്നും രാഹുൽ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിൻവാങ്ങുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഹരിദാസന്‍റെ ആരോപണം. പന്തീരാങ്കാവ് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

അതേസമയം സ്ത്രീധന വിഷയത്തിലല്ല തർക്കമുണ്ടായത് എന്നാണ് രാഹുലിന്‍റെ അമ്മ ഉഷയുടെ വിശദീകരണം. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയതെന്നും ഉഷ പറയുന്നു. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നതെന്നും ഇവർ പറയുന്നു. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും പ്രതി രാഹുലിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.+