മിൽമ സമരം ഒത്തുതീർപ്പായി; ജീവനക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും, പ്രൊമോഷൻ കാര്യത്തിൽ തീരുമാനം നാളെ

Jaihind Webdesk
Tuesday, May 14, 2024

 

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാന്‍റുകളിൽ നടന്ന ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും തീരുമാനമായി. മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ വിളിച്ച ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. ഇതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഇന്നത്തെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാൻ തൊഴിലാളികളോട് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാന്‍റുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികള്‍ സമരം ചെയ്തത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും തൊഴിലാളികൾ ഉന്നയിച്ചിരുന്നു.

ഉയർന്ന തസ്തികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്.  നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗന്‍റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമായിരുന്നു ഇവർ ഉയർത്തിയത്. പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടയുകയും  11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാല്‍ ക്ഷാമം നേരിടുകയും ചെയ്തു.