ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുല്‍; ബിജെപിയുടെ ഗ്രാഫ് താഴേക്കെന്ന് അഖിലേഷ് യാദവ്

Jaihind Webdesk
Tuesday, May 14, 2024

 

ത്സാൻസി/ഉത്തർപ്രദേശ്: ഇന്ത്യ സഖ്യത്തിന്‍റെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി. മോദി ഭരണത്തിൽ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും തകർപ്പെടുന്നു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ ഗ്രാഫ് താഴുകയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രദീപ് ജെയിനിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

ഇന്ത്യ സഖ്യവും അഖിലേഷ് യാദവും ഖാര്‍ഗെയും ഞാനും എല്ലാം ഭരണഘടനയെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ കോടിക്കണക്കിന് ‘ലക്ഷാധിപതികളെ’ സൃഷ്ടിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് മറ്റൊരു സര്‍ക്കാരും ചെയ്യാത്ത നല്ല കാര്യങ്ങള്‍ ചെയ്യും. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ മഹാലക്ഷ്മി യോജനയായിരിക്കും ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് 10,000 രൂപയല്ല, 20,000 രൂപയല്ല, മറിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഒരു ലക്ഷം രൂപ നല്‍കും. അതേസമയം ക്യാഷ് ട്രാന്‍സ്ഫറുകള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ കാണുന്നില്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് അഖിലേഷ് യാദവ് പറഞ്ഞു. മെയ് 20 നാണ് ഝാന്‍സിയില്‍ ജനങ്ങള്‍ വിധിയെഴുതുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.