കോഴിക്കോട് ആംബുലന്‍സ്  കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Jaihind Webdesk
Tuesday, May 14, 2024

 

കോഴിക്കോട്: കോഴിക്കോട് പുതിയറയില്‍ അപകടത്തില്‍പെട്ട ആംബുലന്‍സ്  കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ അര്‍ജുനെതിരെ പോലീസ് കേസെടുത്തത്. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും.

രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തിയാണ് അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.  ശസ്ത്രക്രിയക്കായി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു  നിയന്ത്രണം വിട്ട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

മിംസ് ആശുപത്രിയിലെത്തുന്നതിന് 500 മീറ്റര്‍ ദൂരെ പുതിയറ ഹുണ്ടായ് ഷോറൂമിന് മുന്നില്‍വച്ചായിരുന്നു അപകടം നടന്നത്. രോഗിയായ സുലോചന ഒഴികെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റ് ആറ് ആറ് പേരും പുറത്തുചാടുകയായിരുന്നു. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പുറത്തേക്ക് തെറിച്ചുവീണു. തുടർന്ന് ആംബുലന്‍സ് കത്തുകയായിരുന്നു. സുലോചനയെ ആംബുലന്‍സില്‍ നിന്ന് രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ചന്ദ്രന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുലോചനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.