സിപിഎം നേതൃത്വം അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന് കോണ്‍ഗ്രസ്; രതീശന്‍ ഒളിവില്‍, വയനാട്ടിലും ബംഗളുരുവിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപമെന്ന് സൂചന

Jaihind Webdesk
Wednesday, May 15, 2024

 

കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാസറഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ. രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. തട്ടിയെടുത്ത തുക ഉപയോഗിച്ച് വയനാട്ടിലും ബംഗളുരുവിലുമാണ് ഇയാള്‍ നിക്ഷേപം നടത്തിയതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടുതൽ ആളുകൾക്ക് തട്ടിപ്പിൽ  പങ്കുണ്ടോയെന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

പ്രാഥമിക പരിശോധനയിൽ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചാണ് സംഘം സെക്രട്ടറിയായ കെ. രതീശൻ തട്ടിപ്പ് നടത്തിയത്. ജനുവരി മുതൽ പല തവണകളായി വായ്‌പകൾ അനുവദിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. വിവിധ ആളുകളുടെ പേരിലാണ് വായ്പ എടുത്തത്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.  സഹകരണ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് സഹകരണ സംഘം പ്രസിഡന്‍റ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ രതീശൻ ഒളിവിൽ പോവുകയായിരുന്നു. രതീശനെ കണ്ടെത്താനായി ബംഗളുരുവില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ആദൂർ പോലീസ് കേസെടുത്തത്. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ്ണ വായ്പ എടുത്തും അപെക്സ് ബാങ്ക് സൊസൈറ്റിക്ക് നൽകിയ പണം സ്വന്തമാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. പണയം വെച്ച സ്വർണ്ണം രതീശൻ കടത്തിക്കൊണ്ട് പോയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത തുക ഉപയോഗിച്ച് വയനാട്ടിലും ബംഗളുരുവിലുമാണ് ഇയാള്‍ നിക്ഷേപം നടത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. കൂടുതൽ ആളുകൾക്ക് തട്ടിപ്പിൽ  പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി കർണാടകത്തിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടെ തുക തിരിച്ച് അടച്ച് പ്രശ്നത്തിൽ നിന്ന് തലയൂരാനുള്ള ശ്രമവും രതീശൻ ആരംഭിച്ചതായും സൂചനയുണ്ട്.

സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രതീശനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നാണ് സിപിഎം നിലപാട്. പോലീസ് കേസെടുത്തതിന് പിന്നാലെ  കെ. രതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മറ്റു ജീവനക്കാർക്ക് പങ്കില്ലെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് സിപിഎം നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.