മോദി ഹിറ്റ്‌ലറിന്റെ മറ്റൊരു മുഖം; തീവ്രവാദി; അമേരിക്കയില്‍ വന്‍ പ്രതിഷേധം

Jaihind News Bureau
Monday, September 23, 2019

ഹൂസ്റ്റണില്‍ നടക്കുന്ന ഹൌഡി മോഡിയില്‍ കനത്ത പ്രതിഷേധം. ഹിറ്റ്ലറിനോട് താരതമ്യപ്പെടുത്തിയും മാനവികതയുടെ കശാപ്പുകാരനെന്നും വിളിച്ചോതി ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കശ്മീരിലെ ജനാധിപത്യ ധ്വംസനവും വിവിധ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ സമ്മേളന വേദിക്ക് പുറത്ത് അണിനിരന്നത്. ‘ഹിറ്റ്ലര്‍ മരിച്ചിട്ടില്ല’, ‘ഗുജറാത്തിലെ ഹിറ്റ്ലര്‍’ തുടങ്ങിയ പോസ്റ്ററുകളുമായി മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം. വിവിധ മതവിഭാഗങ്ങളില്‍ ഉള്ളവര്‍ ജാതിമതവര്‍ഗ്ഗ ഭേദമന്യേ പ്രതിഷേധത്തില്‍ അണിനിരന്നു.

‘മാനവികതയുടെ കശാപ്പുകാരന്‍’ എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിയ്ക്ക് നാണംകെടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.’ എന്നാണ് യുവതി പറയുന്നത്.

‘യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തില്ല’ , ‘ഹിന്ദുയിസം യഥാര്‍ത്ഥമാണ്, ഹിന്ദുത്വം വ്യാജവും’,  ‘മോദി, നിങ്ങള്‍ക്കൊന്നും ഒളിക്കാനാവില്ല, നിങ്ങള്‍ കൂട്ടക്കുരുതി നടത്തിയ ആളാണ്.’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

മോദിക്കെതിരെ ഉയർന്ന പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങള്‍ മൌനം പാലിച്ചപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് ഇക്കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

ഹൗഡി മോദി വേദിയില്‍ പ്രധാനമന്ത്രിയെ അടുത്തുനിര്‍ത്തി മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെയും ദര്‍ശനങ്ങള്‍ വാഴ്ത്തി അമേരിക്കന്‍ പ്രതിനിധി സഭാ നേതാവ് സ്‌റ്റെനി ഹോയര്‍.  ബഹുസ്വരതയും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന ഇന്ത്യയുടെ മതേതര ജനാധിപത്യ ഭാവി നിര്‍ണയിക്കപ്പെട്ടത് ഗാന്ധിയുടെ ദര്‍ശനങ്ങളിലൂടെയും നെഹ്റുവിന്‍റെ വീക്ഷണങ്ങളിലൂടെയുമായിരുന്നുവന്നാണ് സ്റ്റെനി ഹോയര്‍ പരാമര്‍ശിച്ചത്.

നെഹ്റുവിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. മോദിയുടെ സ്പോര്‍സേഡ് പരിപാടി പോലെയല്ല ജനങ്ങളുടെ മനസ്സിലാണ് അന്ന് നെഹ്റു ഇടം പിടിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ പറയുന്നു.