കൊവിഡ് പ്രതിരോധം: കൂടുതൽ ജാഗ്രതയും അതിലേറെ സുതാര്യതയും ഉണ്ടാവേണ്ട ഘട്ടം; സർക്കാറിനോട് 10 ചോദ്യങ്ങളുമായി പി.സി. വിഷ്ണുനാഥ്

Jaihind News Bureau
Friday, July 3, 2020

കൊവിഡ്‌ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു പറയുകയും സുതാര്യതയുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സർക്കാരിനോട് പത്ത് ചോദ്യങ്ങളുമായി കെപിസിസി വൈസ്‌ പ്രസിഡന്‍റ്‌ പി.സി.വിഷ്ണുനാഥ്‌. കോവിഡ് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത എത്ര കേസുകൾ കേരളത്തിലുണ്ടെന്നും ഓഗ്മെന്‍റഡ്‌ സാംപിള്‍ പരിശോധന, സീറോ സാംപിള്‍ സര്‍വലയന്‍സ് തുടങ്ങിയവയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

സെന്‍റിനല്‍ സര്‍വൈലന്‍സ്‌ പരിശോധനാഫലം ആരോഗ്യ വിദഗ്ധരോടും ആരോഗ്യമേഖലയിലെ സംഘടനകളോടും മറച്ചുവയ്ക്കുന്നത്‌ എന്തുകൊണ്ട്‌?

ജൂണ്‍ 9നു നടത്തിയ റാപ്പിഡ്‌ ആന്‍റി ബോഡി പരിശോധനാഫലം പ്രസിദ്ധീകരിക്കാത്തത്‌ എന്തു കൊണ്ട്‌?

കേരളത്തിലുള്ളവരിലും പുറത്തുനിന്നു വന്നവരിലും നടത്തിയ പരിശോധന സംബന്ധിച്ചു വേര്‍തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിടാമോ?

ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം വ്യക്തമാക്കുന്നതുപോലെ ഇതുവരെ പരിശോധിച്ച വ്യക്തികളുടെ എണ്ണവും നല്‍കാമോ? (ഒരാളുടെ ഒന്നിലധികം സാംപിളുകള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍)

ഇതര സംസ്ഥാനങ്ങളിലേക്ക് മേയ്‌, ജൂണ്‍ മാസങ്ങളില്‍ പോയി ഉടന്‍ രോഗം സ്ഥിരീകരിച്ചവരെക്കുറിച്ചുള്ള വിവര ശേഖരണത്തില്‍ പരാജയപ്പെട്ടത്‌ എന്തുകൊണ്ട്‌?

ഏപ്രില്‍ അവസാനവാരം നടത്തിയ ഓഗ്മെന്‍റഡ്‌ സാംപിള്‍ പരിശോധന ഏതെല്ലാം ജില്ലകളിലാണു നടത്തിയത്‌?

അതില്‍ പോസിറ്റീവ്‌ കേസുകള്‍ കണ്ടെത്തിയിട്ടും പിന്നീട് പരിശോധന നടത്താതിരുന്നത്‌ എന്തുകൊണ്ട്‌?

സമൂഹവ്യാപന സാധ്യത പഠിക്കാന്‍ ഐസിഎംആറിന്‍റെ നേതൃത്വത്തില്‍ എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നടത്തിയ സീറോ സാംപിള്‍ സര്‍വലയന്‍സിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാമോ?

രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത എത്ര കേസുകള്‍ കേരളത്തിലുണ്ട്‌?

പരിശോധനകളുടെ എണ്ണം കൂട്ടേണ്ട ഈ ഘട്ടത്തില്‍ കൂടുതല്‍ ലാബുകള്‍, ക്രമീകരിക്കുമോ?