ശശിക്കെതിരായ പരാതി ഒതുക്കാൻ നീക്കം; പരാതിക്കാരിക്ക് മേല്‍ സമ്മർദം, ജില്ലാ സെക്രട്ടേറിയറ്റില്‍ വീണ്ടും പി.കെ ശശി

Jaihind Webdesk
Thursday, November 8, 2018

ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതി പിൻവലിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നൽകി. കെ.ജി.ഒ.എ സെക്രട്ടറിയും പട്ടികജാതി വികസന കോർപറേഷൻ എം.ഡിയുമായ ഡോ. നാസർ അടക്കമുള്ള പാർട്ടി നേതാക്കളാണ് തന്‍റെ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതെന്നും വനിതാ നേതാവ് കത്തിൽ പറയുന്നു. സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ അന്വേഷണത്തിന്‍റെ ഫലത്തെ ബാധിക്കുമോ എന്ന് തനിക്ക് സംശയവും ഉത്കണ്ഠയുമുണ്ടെന്നും  പാര്‍ട്ടി നേതൃത്വത്തിലുള്ള തന്‍റെ വിശ്വാസ്യത തകര്‍ന്നുവെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു.

മന്ത്രി എ.കെ ബാലന്‍റെ വകുപ്പായ പട്ടികജാതി – പട്ടികവർഗ ക്ഷേമത്തിന് കീഴിലുള്ളതാണ് പട്ടികജാതി വികസന കോർപറേഷനെന്നതും ശ്രദ്ധേയമാണ്. ഇതോടെ പരാതി അന്വേഷിക്കുന്ന അന്വേഷണ കമ്മീഷനംഗമായ എ.കെ ബാലനും വെട്ടിലായി.

കത്തിനൊപ്പം ഫോൺ സംഭാഷണങ്ങളുടെ പൂർണ രൂപവും യെച്ചൂരിക്ക് നൽകിയതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. താൻ നൽകിയ പരാതിയിൽ നടപടികളെടുക്കുന്നില്ലെന്നും ഇത് പിൻവലിക്കാൻ തന്‍റെമേൽ സമ്മർദമുണ്ടെന്നും വനിതാ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരാതി സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും വിഷയത്തിൽ വീണ്ടും കേന്ദ്രനേതൃത്വത്തിന്‍റെ സജീവ ഇടപെടലുണ്ടാകണമെന്നും അതുവഴി തനിക്കും പൊതുസമൂഹത്തിനും നീതി ലഭ്യമാക്കി പാർട്ടിക്ക് പൊതുജനമധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണമെന്നുമാണ് കത്തിൽ പറയുന്നത്.

ശശിക്കെതിരായ പരാതി അന്വേഷിക്കാൻ സി.പി.എം ചുമതല നൽകിയിരിക്കു കമ്മീഷനിൽ അംഗമായ മന്ത്രി എ.കെ ബാലനുമൊത്ത് തച്ചമ്പാറയിൽ സി.പി.എമ്മിന്‍റെ പൊതുപരിപാടിയിൽ വേദി പങ്കിട്ടതാണ് ഏറെ വിവാദമായത്. ചടങ്ങിൽ ‘മറ്റേ പ്രശ്‌നം’ ഒന്നുമല്ലെന്ന് ശശിക്കെതിരായ പീഡനാരോപണത്തിന്‍റെ പേരെടുത്തു പറയാതെ ബാലൻ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ പാർട്ടി സംഘടിപ്പിച്ച ജാഥയിൽ ക്യാപ്റ്റനായി ആരോപണവിധേയനായ ശശിയെ നിയമിച്ചു. അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ ബാലനുമായി രണ്ട് മണിക്കുറോളം പരാതി സംബന്ധിച്ച് ശശി ചർച്ച നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പട്ടികജാതി ക്ഷേമസമിതിയുടെ യോഗത്തിലും ശശി വേദിയിലുണ്ടായിരുന്നു. പീഡനാരോപണ പരാതിയിൽ പാർട്ടി സംസ്ഥാന ഘടകം ശശിക്കൊപ്പമെന്ന സന്ദേശമാണ് വ്യക്തമായി ഇതിലൂടെ പുറത്തു വിട്ടത്. എന്നാൽ പാലക്കാട് ഡി.വൈ.എഫ് .ഐ ജില്ലാ സമ്മേളനത്തിൽ പി.കെ ശശിക്കെതിരായ പീഡനാരോപണം പാലക്കാട് ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടെ ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്‍റെ നിർദേശത്തിനെതിരെ വനിതാ പ്രതിനിധികളുടെ രൂക്ഷവിമർശനം. ജില്ലാ സമ്മേളനത്തിൽ എന്ത് ചർച്ച ചെയ്യണമെന്ന് സംഘടനയുടെ സംസ്ഥാന കമ്മറ്റിയല്ല തീരുമാനിക്കേണ്ടതെന്ന വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. റിപ്പോർട്ട് അവതരണത്തിന് ശേഷമാണ് വിഷയത്തിൽ കടുത്ത വിമർശനമുയർത്തി പ്രിസീഡിയത്തിലെ വനിതാ പ്രതിനിധികളടക്കം രംഗത്ത് വന്നത്.

ശശിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി പീഡനാരോപണം സൃഷ്ടിച്ചെടുക്കുകയും ഇതുസംബന്ധിച്ച പരാതി കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ചോർത്തി നൽകി പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തതിന് പരാതിക്കാരുടെ പേരിൽ നടപടിയെടുക്കാനും അന്വേഷണ കമ്മീഷൻ തീരുമാനിച്ചിട്ടുണ