പി.കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയില്‍; ശശിയുടെ പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്തല്‍

Jaihind Webdesk
Thursday, September 12, 2019

ലൈംഗിക പീഡന പരാതിയെ തുടർന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഷൊർണൂര്‍ എം.എല്‍.എ പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. ഇതോടെ അടുത്ത ജില്ലാ കമ്മിറ്റിയില്‍ പി.കെ ശശി പങ്കെടുക്കുമെന്ന് ഉറപ്പായി.

സസ്പെന്‍ഷന്‍ കാലയളവില്‍ ശശിയുടെ പെരുമാറ്റം തൃപ്തികരമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ ലൈംഗിക പീഡന പരാതിയിലാണ് പി.കെ ശശിക്കെതിരെ നടപടിയുണ്ടായത്.

പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ശശിക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.  തീവ്രത കുറഞ്ഞ പീഡനമെന്നായിരുന്നു എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍റെ  കണ്ടെത്തല്‍. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്ന്  ശുപാര്‍ശയും നല്‍കി. ഇതിനെ തുടർന്നാണ് പി.കെ ശശിയെ നവംബര്‍ 26ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയത്. സസ്‌പെൻഷൻ കാലാവധി അവസാനിച്ചിട്ടും ശശിയെ കമ്മിറ്റികളിലൊന്നിലും ഉൾപ്പെടുത്തിയിരുന്നില്ല. പി.കെ ശശിയെ ജില്ലാ കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ഭൂരിപക്ഷം അഗങ്ങളും കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ റിപ്പോർട്ട് ചെയ്ത തീരുമാനത്തെ എതിർക്കാൻ 42 പേരിൽ 14 പേർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഭൂരിപക്ഷം പേരും ശശിയുടെ ജില്ലാ കമ്മറ്റിയിലേക്കുള്ള മടങ്ങിവരവിനെ സ്വാഗതം ചെയ്തു. സസ്‌പെൻഷൻ കാലയളവിൽ ശശി മാതൃകാപരമായാണ് പെരുമാറിയതെന്ന് ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

പാലക്കാട് സി.പി.എമ്മില്‍ കടുത്ത ഭിന്നതയ്ക്ക് വഴിവെച്ച സംഭവമായിരുന്നു ശശിക്കെതിരായ ആരോപണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും. ശശിയെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിനുള്‍പ്പെടെ തലവേദന സൃഷ്ടിച്ചിരുന്നു.

teevandi enkile ennodu para