സി.പി.എമ്മില്‍ പി.കെ ശശി തന്നെ ഇപ്പോഴും തമ്പുരാന്‍

Jaihind Webdesk
Thursday, January 10, 2019

വനിതാ സഖാവിനോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ആറ് മാസത്തേക്ക് പുറത്താക്കിയ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി തന്നെയാണ് പാലക്കാട്ടെ സി.പി.എമ്മിലെ തമ്പുരാന്‍. പൊതുപണിമുടക്കിന്‍റെ ഭാഗമായുള്ള ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസം പി.കെ ശശിയായിരുന്നു.

പാര്‍ട്ടി വേദികളില്‍ നിന്നും പൊതുവേദികളില്‍ നിന്നും ശശിയെ മാറ്റിനിര്‍ത്തണമെന്നായിരുന്നു സി.പി.എം നേതൃത്വം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പി.കെ ശശി ഈ പരിപാടി ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് സി.പി.എം പാലക്കാട് ജില്ലയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

എന്നാല്‍ ശശിയെ അനുകൂലിക്കുന്നവരുടെ ന്യായം ശശി സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റാണെന്നതാണ്. പെരുമാറ്റദൂഷ്യത്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ഒരു നേതാവിനെക്കൊണ്ടുതന്നെ ഇത്തരം പരിപാടികളില്‍ മുഖ്യസ്ഥാനം നല്‍കി ആദരിക്കുന്നതിനെതിരെ പല കോണുകളില്‍നിന്നും രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.