പണിമുടക്ക് മധ്യകേരളത്തില്‍ പൂര്‍ണം

webdesk
Tuesday, January 8, 2019

കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങൾക്കെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് മധ്യ കേരളത്തിലും പൂർണം. ആലപ്പുഴയിലും എറണാകുളത്തും ട്രെയിൻ തടഞ്ഞു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. മിക്കയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

ചിലയിടങ്ങളിൽ ജോലിക്കാർ എത്താത്തതു മൂലം വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ല. ഓട്ടോ ടാക്സികളും ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയിൽ പണിമുടക്കനുകൂലികൾ ട്രെയിൻ തടഞ്ഞിട്ടു. കൊച്ചി തുറമുഖത്ത് പ്രത്യേക സാമ്പത്തിക മേഖലയിലും ജോലിക്കെത്തിയവരെ തടഞ്ഞു.

കോട്ടയത്തും പണിമുടക്ക് പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും ഉണ്ടായിരുന്നില്ല. പമ്പ സർവീസുകൾ മുടക്കമില്ലാതെ നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ആലപ്പുഴയിലും കായംകുളത്തും ട്രെയിൻ തടഞ്ഞു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ബോട്ട് സർവീസുകളും മുടങ്ങി. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ചെറിയ സംഘർഷമുണ്ടായി.

പണിമുടക്ക് ഇടുക്കിയില്‍ സമാധാനപരമായിരുന്നു. സർക്കാർ ഓഫീസുകളിൽ എല്ലാം തന്നെ ഹാജർ കുറവായിരുന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ ചിലയിടങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി കുമളിയിൽ നിന്നും പമ്പയിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്, മൂന്നാർ, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിശ്ചലമാണ്.[yop_poll id=2]