സിസിടിവി ക്യാമറയിൽ തട്ടി പൊളിഞ്ഞ് ഗൂഢാലോചനാവാദം

Jaihind Webdesk
Friday, October 19, 2018

ലൈംഗികാരോപണ വിധേയനായ പി.കെ ശശി എം.എൽ.എ യുടെ ഗൂഢാലോചനാവാദം പുതുശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ സിസിടിവി ക്യാമറയിൽ തട്ടി പൊളിയുന്നു.  ആർഎസ്എസ് -സിപിഎം സംഘർഷം സജീവമായ സാഹചര്യത്തിൽ ഒരു വർഷം മുൻപ് പാർട്ടി ഓഫീസിൽ സ്ഥാപിച്ച സിസിടിവിയാണ് പി.കെ ശശിക്ക് പുതിയ പാരയായിരിക്കുന്നത്.

തനിക്കെതിരായ ലൈംഗികാരോപണം ഗൂഡാലോചനയുടെ ഫലമെണെന്ന വാദമാണ് പി.കെ ശശിയും അനുയായികളും പാർട്ടി അന്വേഷണകമ്മീഷൻ മുൻപിൽ അവതരിപ്പിച്ചത്. ആഗസ്റ്റ് പത്തിന് ഒരു മുൻ എം.എൽ.എ, കർഷകസംഘം ജില്ലാ നേതാവ്,  ബന്ധുക്കളായ ജനപ്രതിനിധികൾ എന്നിവർ പുതുശ്ശേരി സി.പി.എം ഏരിയാകമ്മറ്റി ഓഫീസിലിരുന്ന് നടത്തിയ ഗൂഡാലോചനയുടെ തുടർച്ചയാണ് ലൈഗീകാരോപണമെന്നായിരുന്നു ശശിയുടെ വാദം. ശശിക്കെതിരെ മൊഴിക്കൊടുക്കാനെത്തിയവരോട് അന്വേഷണ കമ്മീഷന്‍റെ ചോദ്യങ്ങൾ പ്രധാനമായും ഈ കാര്യത്തിലൂന്നിയായിരുന്നു. എന്നാൽ പാർട്ടി ഓഫീസിലെ സിസിടിവി പരിശോധിച്ച് വാദത്തിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കണമെന്ന് മൊഴി നൽകാനെത്തിയവർ ആവശ്യപ്പെട്ടു. പി.കെ ശശിയുടെ അനുയായികൾ കമ്മീഷൻ മുൻപാകെ ഉന്നയിച്ച ഗൂഡാലോചന വാദത്തിന് ഇത് തിരിച്ചടിയായി.

സിപിഎം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ശശിയെ രക്ഷിച്ചെടുക്കാൻ താൽപ്പര്യമുണ്ട്. ഇവരാണ് കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുന്നതിൽ നിന്നും നേതൃത്വത്തെ പിന്തിരിപ്പിക്കുന്നതെന്ന് ജില്ലയിലെ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.