ഉമ്മന്‍ചാണ്ടി അട്ടപ്പാടിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Jaihind News Bureau
Monday, August 12, 2019

അട്ടപ്പാടിയിലെ ദുരിതബാധിത മേഖലകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ദുരിതമേഖലകളിലെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് ഈ ഘട്ടത്തില്‍ വിവാദത്തിനോ വിമര്‍ശനത്തിനോ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്ന സമയമാണിതെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും പരമാവധി സഹായം വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളിലും കൂടി പോകാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കനത്ത മഴ ലഭിച്ച പാലക്കാട് ജില്ലയിൽ ഇപ്പോൾ മഴ കുറഞ്ഞു. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ ഒഴികെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ നിലവിൽ തുറന്നിരുന്ന മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകൾ പരമാവധി താഴ്ത്തി തുടങ്ങി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.