ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയം; എതിര്‍ക്കാനാണ് നീക്കമെങ്കില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, January 28, 2020

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.

എല്ലാ എംഎല്‍എമാരും ചേര്‍ന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ ആക്ഷേപിച്ചശേഷം അതില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രീതിപ്പെടുത്താന്‍ അദ്ദേഹം ഗവര്‍ണര്‍ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ച് ഓടിനടന്നാണ് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ പ്രചാരണം നടത്തുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ഗവര്‍ണറുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഗവര്‍ണര്‍റെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹം അതിനു തയാറാകാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിനു മുന്‍്കയ്യെടുത്തത്. പ്രമേയം തോല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതോടെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.