പ്രവാസികള്‍ക്ക് ഗള്‍ഫില്‍ ഏകോപനസമിതി രൂപീകരിക്കണം: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, April 11, 2020

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി സംഘടനാ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഏകോപന സമതിയെ അടിയന്തരമായി നിയോഗിച്ച് പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുരക്ഷയും യഥാസമയം ലഭ്യമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ മലയാളികളുടെ ഉടമസ്ഥതതയിലുള്ള നിരവധി ആശുപത്രികളെയും മലയാളികളായ നിരവധി ആരോഗ്യ പ്രവര്‍ത്തകരെയും രംഗത്തിറക്കാന്‍ ഇതിലൂടെ സാധിക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്കാവശ്യമായ മരുന്നും സുരക്ഷാ ഉപകരണങ്ങളും കേരളത്തില്‍ നിന്നും എത്തിച്ചു കൊടുക്കണം. രോഗ ബാധിതരായവര്‍ക്ക് പ്രതേ്യകമായി ക്വാറന്റയിനില്‍ കഴിയാനുള്ള സൗകര്യങ്ങളും സൗജന്യ ചികിത്സയും ഏര്‍പ്പാട് ചെയ്യാന്‍ ഏകോപന സമിതി്ക്കു സാധിക്കും. ദൈനംദിന മരുന്നു കഴിക്കേണ്ടതായ രോഗികള്‍ക്ക് ആവശ്യമായ മരുന്നും ലഭ്യമാക്കണം. ലേബര്‍ ക്യാമ്പുകളില്‍ ആവശ്യമെങ്കില്‍ ഭക്ഷണം എത്തിക്കാനും കഴിയണം.

വിമാന സര്‍വ്വീസുകള്‍ നിലച്ചതോടെ കേരളത്തില്‍ നിന്നും പച്ചക്കറികള്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഗള്‍ഫ് മേഖലയില്‍ എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം വിദേശകാര്യ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണം.

അമിതമായ വിമാന യാത്രാക്കൂലി നിയന്ത്രിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പിനോട് ആവശ്യപ്പെടണം. വിമാന യാത്രാ വിലക്ക് മാറുന്നതോടെ മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സമൂഹ വ്യാപനം തടയുന്നതില്‍ കേരളം കൈവരിച്ച പുരോഗതിക്ക് ഒരു കോട്ടവും ഉണ്ടാകാത്ത രീതിയിലാകണം ഈ ക്രമീകരണങ്ങള്‍. ട്രാന്‍സിറ്റ് യാത്രക്കാര്‍, സ്ത്രീകള്‍, പ്രായമായവര്‍, വിസിറ്റിംഗ് വിസയില്‍ പോയി കുടുങ്ങിപ്പോയവര്‍, ആരോഗ്യ കാരണങ്ങളാല്‍ മടങ്ങുന്നവര്‍, ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ യാത്ര ചെയ്യാന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളുമായി ചേര്‍ന്ന് മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റയിനില്‍ കഴിയുവാനുള്ള സൗകര്യങ്ങള്‍ മുന്‍കൂര്‍ കണ്ടെത്തണം. ആശുപത്രികള്‍, ഒഴിഞ്ഞ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, സ്വകാര്യ-പബ്ലിക് സ്‌കൂളുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലേയ്ക്കായി പ്രയോജനപ്പെടുത്തണം. ക്വാറന്റയിന്‍ ക്യാമ്പുകളില്‍ ആരോഗ്യ-ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കണം.

ഗള്‍ഫ് മേഖലയിലെ ഇന്ത്യാക്കാരായ തൊഴില്‍ ദാതാക്കളുടെ സഹായഹസ്തം ഈ കാര്യത്തില്‍ പരമാവധി പ്രയോജനപ്പെടുത്തണം. കേന്ദ്ര വിദേശകാര്യ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി ഡോ. എസ്. ജയശങ്കറും സഹമന്ത്രിയായി വി. മുരളീധരനും ഉണ്ടെന്നത് കേരളത്തിന് സഹായകരമാണ്. വിദേശരാജ്യങ്ങളില്‍ ഇടപെടാന്‍ വിദേശകാര്യ വകുപ്പിന്‍റെയും എംബസ്സികളുടെയും സഹായം അനിവാര്യമായതിനാല്‍ ഈ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മില്‍ ഫലപ്രദമായ ഏകോപനം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. ഡല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തന പരിചയം ഉള്ള മുതിര്‍ന്ന ഐ.എ.എസ്. / ഐ.എഫ്.എസ്. ഉദ്യോഗസ്ഥരെ നോര്‍ക്കയുടെയും കേരള ഗവമെന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തണം.

ദുബായ് സർക്കാരുമായി ഇന്ത്യന്‍ എംബസി ഫലപ്രദമായ ഏകോപനം ഉണ്ടാക്കുവാനും, ദുബായ് ഗവണ്മെന്റിന് ഹെല്‍ത്ത് കെയറിന് ആവശ്യമായ സ്റ്റാഫ്, മരുന്ന്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ആവശ്യമെങ്കില്‍ നല്കുവാനും കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെടണം.

ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികള്‍ക്കു വേണ്ടി യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പുനരധിവാസ പദ്ധതി വിപുലപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഫലപ്രദമായിട്ടില്ല. ഇതുമായി സഹകരിക്കാന്‍ ബാങ്കുകള്‍ക്ക് ഉള്ള വിമുഖതയാണ് കാരണം. ഈ പദ്ധതി വിപുലപ്പെടുത്തുവാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനും പ്രതേ്യകം ശ്രദ്ധ ഉണ്ടാകണം.

പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ മാറ്റി വയ്ക്കുന്ന പണം പോലും ചെലവഴിക്കപ്പെടുന്നില്ല. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.