പട്ടിണിക്കാർക്കും പാവപ്പെട്ടവർക്കും “ഒരു വിളിപ്പാട് അരികെ” ഉമ്മൻചാണ്ടി; സഹായത്തിനായി വിളിച്ചു മണിക്കൂറുകൾക്കകം പരാതിക്ക് പരിഹാരം

Jaihind News Bureau
Monday, May 18, 2020

സഹായത്തിനായി മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇളമാട് സ്വദേശിയുടെ പരാതിക്ക് പരിഹാരം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഇളമാട് പഞ്ചായത്തിലെ, കോട്ടക്കവിള വാർഡിലെ ജോമോൻ ജോസഫിനാണ് ഉമ്മൻ ചാണ്ടിയുടെ കാരുണ്യം തണലേകിയത്.

സാമ്പത്തിക പരാധീനത മൂലം കുടുംബം പട്ടിണിയിലേക്ക് പോയപ്പോൾ, സഹായത്തിനായി ഒട്ടനവധി ആളുകളെയും പഞ്ചായത്ത്‌ അധികൃതരുമായൊക്കെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ജോമോൻ ജോസഫിന് ലഭിച്ചിരുന്നില്ല. അപ്പോഴാണ് അവിചാരിതമായി കിട്ടിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിലെ ഫോൺ നമ്പരിലേക്ക് ജോമോൻ വിളിക്കുന്നത്. ഏതാവശ്യത്തിനും തന്നെ വിളിക്കാമെന്ന ഉറപ്പോടെ അദ്ദേഹം തന്നെ പ്രസിദ്ധപ്പെടുത്തിയ നമ്പരിലേയ്ക്ക് വിളിച്ച ജോമോന്‍ തന്‍റെ വീട്ടിലെ അവസ്ഥകൾ വിശദീകരിച്ചു. ജോമോനെ ആശ്വസിപ്പിച്ചു മിനിറ്റുകൾക്കകം തന്നെ ഉമ്മൻചാണ്ടി കെപിസിസി നിർവാഹ സമിതി അംഗവും ആയൂർ സ്വദേശിയുമായ സൈമൺ അലക്സിനെ ബന്ധപ്പെടുകയും അടിയന്തിരമായി ജോമോന്‍റെ വീട്ടിൽ സഹായം എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് സൈമൺ അലക്സ്‌ കൈമാറിയ ഭക്ഷ്യധാന്യ കിറ്റും, ഇളമാട് മണ്ഡലം കമ്മിറ്റിയുടെ വകയായി പച്ചക്കറി കിറ്റും കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്‌ സാജൻ വർഗീസും, യൂത്ത് കോൺഗ്രസ്‌ ഇളമാട് മണ്ഡലം പ്രസിഡന്‍റ്‌ ലിവിൻ വേങ്ങൂരും ചേർന്ന് ജോമോന്‍റെ വീട്ടിൽ എത്തിച്ചു നൽകി.

ഇനിയും ആവശ്യമുള്ള എല്ലാ സഹായവും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും, യൂത്ത് കോൺഗ്രസും ചേർന്ന് ജോമോന്‍റെ വീട്ടിൽ എത്തിച്ചുനൽകാമെന്ന് ഉറപ്പ് നൽകിയതായി ലിവിൻ വേങ്ങൂർ അറിയിച്ചു.