കൊവിഡ്: കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ അടിയന്തരശ്രദ്ധ ചെലുത്തണം; മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കി

Jaihind News Bureau
Friday, March 27, 2020

കൊവിഡ് ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ അടിയന്തരശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് ജില്ലയിലെ  സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. ജനങ്ങൾ വിദഗ്ധ ചികിത്സക്ക് മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കൊവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവണ്മെന്‍റ് കേരള അതിർത്തി അടച്ചിട്ടിരിക്കുകയാണ് . 

ഗുരുതരമായ അസുഖങ്ങളുമായി വന്ന 30 ആംബുലന്‍സുകളെ തലപ്പാടി ചെക്പോസ്റ്റിൽ നിന്നും തിരിച്ചയയ്ക്കുകയും, ചെക്ക് പോസ്റ്റിൽ തടഞ്ഞ ഒരു ഗർഭിണി ആംബുലൻസിൽ പ്രസവിക്കുകയുമുണ്ടായി. പ്രശ്നം അതീവ ഗുരുതരമാണ്.ബുദ്ധിമുട്ടുകള്‍ കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു ഇപ്പോഴത്തെ മൊത്തമായ നിരോധനം മാറ്റുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് 19 കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് കാസർഗോഡ് ജില്ലയെയാണ്. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള ജില്ലാ എന്ന നിലയിലും കേരളത്തിലെ അതിർത്തി ജില്ല എന്ന നിലയിലും ചില അതീവഗൗരവമേറിയ പ്രശനങ്ങൾ കാസർഗോട്ട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ബഹു.മുഖ്യമന്ത്രിക്ക് കത്ത് നൽകി

കാസർഗോഡ് ജില്ലയിലെ സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതിലുപരി കാസർഗോഡ് ജില്ലയിലെ ജനങ്ങൾ വിദഗ്ധ ചികിത്സക്ക് മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്.
കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവണ്മെന്റ് കേരള അതിർത്തി അടച്ചിട്ടിരിക്കുകയാണ് . ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കാസർഗോട്ടെ ജനങ്ങളെയും രോഗികളെയുമാണ് . ചരക്ക് നീക്കത്തെയും ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. പല റോഡുകളും മണ്ണിട്ട് തടഞ്ഞിട്ടിരിക്കുകയാണ് . ദേലമ്പടി പഞ്ചായത്ത്‌ പബ്ലിക് ഹെൽത്ത് സെന്ററിലേക്ക് പോകുവാൻ പോലും ഇപ്പോൾ സാധ്യമല്ല. ഇരുചക്രവാഹനങ്ങളക്ക് പോലും കേരളത്തിലെ പി. എച് . സി യിലേക്ക് പോകുവാൻ ഇതുമൂലം സാധിക്കുന്നില്ല.

കൊറോണ രോഗം പടര്ന്നു തുടങ്ങിയ സമയത്തു കർണാടക മെഡിക്കൽ ടീം പനി പരിശോധിച്ച് , ഇല്ലാത്ത രോഗികളെ മംഗലാപുരത്തേക്ക് കടത്തിവിട്ടിരുന്നു. ഇപ്പോൾ ഗുരുതരമായ അസുഖങ്ങളുമായി വന്ന 30 ആംബുലന്സുകളെ തലപ്പാടി ചെക്പോസ്റ്റിൽ നിന്നും തിരിച്ചയതായി വിവരം ഉണ്ട് . ചെക്ക് പോസ്റ്റിൽ തടഞ്ഞ ഒരു ഗർഭിണി ആംബുലൻസിൽ പ്രസവിച്ചു. അബ്ദുൽ ഹമീദ് ( 60 വയസ്സ്) എന്ന വ്യക്തി ആശുപത്രിയിൽ പോകുവാൻ അനുവദിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചു. പ്രശ്നം അതീവ ഗുരുതരമാണ് . കൊറോണ രോഗികളെ തടയുന്നത്‌ മനസ്സിലാക്കാം , അല്ലാത്ത രോഗികളെ തടയുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കർണാടകം മുഖ്യമന്ത്രിയെ ധരിപ്പിച്ചു ഇപ്പോഴത്തെ മൊത്തമായ നിരോധനം മാറ്റുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഒപ്പം അവശ്യസാധനങ്ങളുടെ സുഗമമായ ചരക്കുനീക്കവും ചെക്ക്പോസ്റ്റിലുടെ നടക്കേണ്ടത് അനിവാര്യ്മാണ്.ഇല്ലെങ്കിൽ അത് കേരളത്തിൽ വിലക്കയറ്റത്തിന് വഴിയൊരുക്കും.

ഇപ്പോൾ കാസർഗോഡ് ജില്ലയിലെ രോഗികളെയെല്ലാം അവിടുത്തെ ജനറൽ ആശുപത്രിയിലാണ് ഉള്ളത്. ഡോക്ടർമാരും, നേഴ്സ്മാരും , മറ്റു സർക്കാർ സംവിധാനങ്ങളെല്ലാം ഈ പരിമിധിക്കുള്ളിൽ നിന്ന് തന്നെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ട്. കൂടുതൽ കൊറോണ രോഗികൾ ഉള്ള സ്ഥിതിയിൽ സർക്കാർ ഇവിടെ നല്ല പരിഗണന നൽകുകയും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം .

പഞ്ചായത്തു- മുൻസിപ്പാലിറ്റി വാർഡുകളിൽ മെമ്പർമാർ അധ്യക്ഷന്മാരായി ജാഗ്രത കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ പലരെയും പോലീസ് തടയുന്നതായി പരാതിയുണ്ട് . അതിന് അടിയന്തര പരിഹാരം ഉണ്ടാക്കണം.

കേരളത്തിലെ മറ്റു ജില്ലകളിൽ നിന്ന് വത്യസ്ത സാഹചര്യം ഉള്ള കാസർഗോട്ടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് മുഖ്യമന്ത്രി അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.