ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഇല്ല; സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്‍റെ പിതാവ്

Jaihind News Bureau
Friday, August 2, 2019

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്‍റെ അപ്പീൽ ഹർജി അം​ഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിം​ഗ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. അതേസമയം, നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. സിപിഎം നേതാക്കന്മാർ ഉൾപ്പടെയുള്ളവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സർക്കാർ കോടികൾ ചെലവാക്കി ഹൈക്കോടതിയിൽ കേസ് വാദിച്ചത്. സംസ്ഥാന സർക്കാരിൽ നിന്ന് ഒരു തരത്തിലുള്ള നീതിയും കിട്ടിയില്ല. പാർട്ടി നേതൃത്വവുമായി ആലോചിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് കണ്ണൂർ എടയന്നൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഷുഹൈബ് വധക്കേസിൽ അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ സമര്‍പ്പിച്ചത്. കേസിൽ തുടർ അന്വേഷണം ആവശ്യമെങ്കിൽ ഷുഹൈബിന്‍റെ ബന്ധുക്കൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

പ്രാദേശിക വൈരമാണ് കൊലപാതക കാരണം എന്നായിരുന്നു കേസിൽ സർക്കാരിന്‍റെ വാദം. കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം എന്ന കോടതി ഉത്തരവ് നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഏതെങ്കിലും നേതാക്കൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കൾക്ക് ഗുഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാവി‌ല്ലെന്നും സർക്കാർ നിലപാടെടുത്തു. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ലോക്കൽ പൊലീസിൽനിന്ന് മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറാവുവെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. അപ്പീലിൽ സർക്കാരിനായി ഹാജരാകുന്നതിന് 50 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ച് ഡൽഹിയിൽനിന്നു സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഈ അഭിഭാഷകന്‍റെ ഭീമമായ ഫീസ് വേഗം നൽകുന്നതിന് നടപടി സ്വീകരിച്ചത്.