ഷുഹൈബ് വധക്കേസില്‍ സുപ്രീം കോടതിയെ സമീപിക്കും; കേസ് നടത്തിപ്പ് ചുമതല കെ സുധാകരന് : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Friday, August 2, 2019

Mullapaplly-Ramachandran

വടകര: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പിയെ കേസ് നടത്തിപ്പിന്‍റെ ചുമതല ഏല്‍പിച്ചതായും അദ്ദേഹം അറിയിച്ചു.

ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സി.പി.എം ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഭയപ്പാടിലാണുള്ളത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നുവെങ്കില്‍ സി.പി.എം സംസ്ഥാന നേതാക്കളടക്കം കുടുങ്ങുമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് എസ്.ഡി.പി.ഐക്ക് സംരക്ഷണം നല്‍കുന്നത് സി.പി.എമ്മാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം എസ്.ഡി.പി.ഐയുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അഭിമന്യു വധക്കേസിലെ മുഖ്യ പ്രതിക്ക് സ്വൈര്യവിഹാരം നടത്താന്‍ പൊലീസ് തന്നെ സൗകര്യം ഒരുക്കുകയാണ്. അഭിമന്യുവിന്‍റെ പേരില്‍ പിരിവെടുക്കാന്‍ കാണിച്ച ജാഗ്രത പ്രതികളെ പിടിക്കാന്‍ സി.പി.എം കാണിച്ചിട്ടില്ല. സി.പി.എമ്മിന്‍റഎ ബി ടീമാണ് എസ്.ഡി.പി.ഐയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചാവക്കാട് നൗഷാദ് വധക്കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സിബി.ഐ അന്വേഷണം ആവശ്യമാണ്. താലിബാന്‍ തീവ്രവാദികളെ പോലും ലജ്ജിപ്പിക്കുന്ന പൈശാചികമായ കൊലപാതകമാണ് ചാവക്കാട് നടന്നത്. നൗഷാദിനെ കൊലപ്പെടുത്തി പ്രദേശത്ത് മേല്‍കൈ നേടാമെന്ന വ്യാമോഹമാണ് എസ്.ഡി.പി.ക്കുള്ളത്. പട്ടികളെ വെട്ടിയാണ് അക്രമികള്‍ പരിശീലനം നേടിയത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിൽ ആവശ്യപ്പെട്ടു.