ഷുഹൈബിന്‍റെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട് തികയുന്നു; പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ കേസിൽ സിബിഐ അന്വേഷണം വരാതിരിക്കാൻ ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ

Jaihind News Bureau
Tuesday, February 11, 2020

Shuhaib-Edayannur

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് സിപിഎം പ്രവർത്തകരുടെ കൊലക്കത്തിക്ക് ഇരയായിട്ട് നാളെ രണ്ട് വർഷം തികയുന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വരാതിരിക്കാൻ നിയമനടപടികളുമായി സംസ്ഥാന സർക്കാർ. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കുന്നതെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

2018 ഫെബ്രുവരി 12നാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകനായ ആകാശ് തില്ലങ്കേരി ഉൾപ്പടെയുളള പ്രധാന പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ കൊലപാതകത്തിന്‍റെ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല.

കേസിന്‍റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഇതിനെ തുടർന്ന് ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്‍റെ മാതാപിതാക്കൾ സുപ്രിം കോടതിയെ സമീപിച്ചു. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിന് ഇടയിലാണ് ഷുഹൈബിന്‍റെ രണ്ടാം രക്തസാക്ഷിത്വ ദിനം കടന്നു വരുന്നത്. ഷുഹൈബ് കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഇതുവരെ നീതി കിട്ടിയില്ലെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു.

സർക്കാർ പൊതുഖജനാവിലെ പണം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കുന്നു. ഉന്നത സി പി എം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് കേസ് സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കുന്നതെന്നും മുഹമ്മദ് പറഞു.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും, യൂത്ത് കോൺഗ്രസ്സും സംഘടിപ്പിക്കുന്ന ഷുഹൈബ് അനുസ്മരണ പരിപാടികൾ നാളെ കണ്ണൂരിലും, മട്ടന്നൂരിലും നടക്കും.

https://youtu.be/2R8kBJn1K0c