ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

Jaihind Webdesk
Monday, April 29, 2024

തിരുവനന്തപുരം: ഇ പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചർച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും.  ഇ പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കൺവീനരുടെ കൂടിക്കാഴ്ച വിവാദത്തിൽ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്. യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.  ഇ പിക്കെതിരെ കർശന നടപടി വേണമെന്ന നിലപാടാണ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.