Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കൊവിഡ് പ്രൊട്ടോക്കോള്‍ പോലും കാറ്റില്‍ പറത്തി നടത്തുന്ന തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം സർക്കാർ അവസാനിപ്പിക്കണം' ; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

'കൊവിഡ് പ്രൊട്ടോക്കോള്‍ പോലും കാറ്റില്‍ പറത്തി നടത്തുന്ന തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം സർക്കാർ അവസാനിപ്പിക്കണം' ; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്
  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍ക്കാര്‍ തന്നെ തോട്ടപ്പള്ളിയില്‍ നടത്തിവരുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കൊവിഡ് ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സർക്കാർ തന്നെ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം തുടരുകയാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വി.എം സുധീരന്‍റെ കത്തിന്‍റെ പൂർണ്ണരൂപം: പ്രിയപ്പെട്ട മുഖ്യമന്ത്രി, മഹാവിപത്തായ കൊവിഡ് സമൂഹവ്യാപനത്തിലേയ്ക്ക് എത്താവുന്ന അതീവ ഗുരുതരവും ആപല്‍ക്കരവുമായ സാഹചര്യമാണല്ലോ സംജാതമായിട്ടുള്ളത്.കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതും സാമൂഹ്യഅകലം പാലിക്കുന്നതും നിര്‍ബന്ധമായി മാസ്‌ക് ധരിക്കേണ്ടതും ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കൈകഴുകേണ്ടതും അനിവാര്യമായിട്ടുള്ളതാണെന്ന് ഇന്നലെ (09-07-2020) നടത്തിയ വാര്‍ത്താസമ്മേളനത്തിലും ബഹു. മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവല്ലോ. അതിനോടെല്ലാം പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ തന്നെ ആലപ്പുഴയിലെ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ പ്രളയജലം ഒഴിവാക്കുന്നതിന് അനിവാര്യമായും അടിയന്തരമായും സ്വീകരിക്കേണ്ട നടപടികളൊന്നും യഥാസമയം ചെയ്യാതെ കുട്ടനാടിന്‍റെ മറയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കിയതുതന്നെ അങ്ങേയറ്റം തെറ്റായ നടപടിയാണ്. അതിനുപുറമെ അതെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടാണ് ചെയ്യുന്നതും. ആയിരത്തിലേറെ പോലീസുകാരെ അണിനിരത്തിക്കൊണ്ട് മുപ്പത്തഞ്ചിലേറെ ജെ.സി.ബി.യും അതിന്‍റെ ഓപ്പറേറ്റര്‍മാരും ഇരുന്നൂറില്‍പരം ലോറികളും ഡ്രൈവര്‍-ക്ലീനര്‍മാരും ഉള്‍പ്പെട്ട വലിയൊരാള്‍ക്കൂട്ടത്തിന്‍റെ പിന്‍ബലത്തോടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ള സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ കരിമണല്‍ഖനന നടപടി. കരിമണല്‍ ഖനനത്തിന്‍റെ ഫലമായിട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതരത്തിലുള്ള യാതൊരുപഠനവും നടത്താതെയാണ് ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരുമേഖലയിലും കരിമണല്‍ ഖനനം പാടില്ലെന്ന നിലപാടുമായി 2003 മുതല്‍ സമരരംഗത്തുള്ള ആലപ്പുഴ തീരദേശ ജനതയുടെ ഹിതത്തിന് എതിരായിട്ടാണ് അധികാരശക്തി ദുര്‍വിനിയോഗം ചെയ്ത് സര്‍ക്കാര്‍ നടത്തിവരുന്ന ഈ ജനദ്രോഹ നടപടി. അതിനെതിരെ വന്‍പ്രതിഷേധമുയര്‍ത്തിയ ജനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷയായ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 41 ദിവസമായി സമരരംഗത്താണ്. ഇപ്പോഴാകട്ടെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്. തീരപ്രദേശത്ത് പലയിടങ്ങളിലും കോവിഡ്‌ വ്യാപനം ആശങ്കാജനകമായി വന്നതിനെ തുടര്‍ന്നാണ് ഈ നടപടി. കോവിഡ് പ്രതിരോധത്തിനായി ബഹു.മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളോട് ആദ്യം നീതിപുലര്‍ത്തേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതും ജനദ്രോഹപരവുമായ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ഉടനടി അവസാനിപ്പിക്കണം. ഖനനം ഇല്ലാതായാല്‍ സ്വാഭാവികമായും സമരത്തിനും പ്രസക്തിയുണ്ടാവില്ലല്ലോ. അതുകൊണ്ട് ഇനിയെങ്കിലും ഒട്ടും വൈകാതെ സര്‍ക്കാര്‍ തെറ്റുതിരുത്തണം. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം അവസാനിപ്പിക്കണം. അതുവഴി കോവിഡ് പ്രതിരോധത്തിന്റെ ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ ജനങ്ങളെ സമരത്തിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കുകയും വേണമെന്നാണ് എന്‍റെ അഭ്യര്‍ത്ഥന.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in