രാജ്യത്തിലാദ്യമായി കേരളത്തിൽ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര'; ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ പ്രഖ്യാപനങ്ങൾ. യു.ഡി.എഫ് മുന്നോട്ടുവെച്ച ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനമാണ്.
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി രാജ്യത്ത് തന്നെ ആദ്യമായി പ്രത്യേക 'വയോജന വകുപ്പ്' രൂപീകരിക്കുമെന്നതാണ് മന്ത്രിസഭയുടെ മറ്റൊരു നിർണായക തീരുമാനം. ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും ഈ വകുപ്പ് രൂപീകരണത്തിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പുറമെ സാമൂഹിക മേഖലയിൽ സേവനമനുഷ്ഠിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാരുടെ വേതനവും സർക്കാർ വർദ്ധിപ്പിച്ചു. ആശ വർക്കർമാരുടെ വേതനത്തിൽ 3000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. അങ്കണവാടി വർക്കർമാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവർക്ക് 1000 രൂപ വീതവും വർദ്ധിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കൂടുതൽ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പുതിയ നിയമസഭയുടെ പ്രൊട്ടേം സ്പീക്കറായി മുതിർന്ന നേതാവ് ജി. സുധാകരനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മെയ് 22 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. മെയ് 29-നായിരിക്കും സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം. കൂടാതെ, അഡ്വ. ടി. അസഫ് അലിയെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) നിയമിക്കാനും യോഗം തീരുമാനിച്ചു.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ പൊതുജനങ്ങളെയും പ്രതിഷേധക്കാരെയും മർദ്ദിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അധികാരമേറ്റ ആദ്യ മണിക്കൂറുകളിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും ശക്തമായ ഭരണപരമായ തീരുമാനങ്ങളും കൈക്കൊണ്ട് മികച്ചൊരു തുടക്കമാണ് വി.ഡി. സതീശൻ സർക്കാർ കാഴ്ചവെച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.